നന്ദി, ഡിയർ കേരളം: സന്തോഷത്തോടെ ആശുപത്രി വിട്ട് കൊവിഡ് രോഗമുക്തരായ വിദേശികൾ

By Web TeamFirst Published Apr 10, 2020, 7:31 AM IST
Highlights

'സുരക്ഷിതരായിരിക്കൂ, സാമൂഹിക അകലം പാലിക്കൂ, ബൈ', എന്ന് നന്ദിയോടെ ബ്രിട്ടീഷ് സ്വദേശികൾ പറയുന്നു. കൊച്ചു കേരളത്തിന്‍റെ ആരോഗ്യരംഗത്തിന് ഏറെ അഭിമാനകരമായ ദിവസം. 

കൊച്ചി: മികച്ച പരിചരണം നൽകിയതിന് കേരളത്തോട് നന്ദി പറഞ്ഞ് കൊവിഡ് 19 രോഗവിമുക്തരായ ബ്രിട്ടീഷ് സ്വദേശികൾ. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോൾ കേരളത്തിന്‍റെ ആരോഗ്യസംവിധാനം മുഴുവൻ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണ്, കൊച്ചു കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മറ്റൊരു നേട്ടമായി എട്ട് വിദേശപൗരർ ആശുപത്രി വിടുന്നത്. 

''തികച്ചും അഭിനന്ദനാർഹം, സന്തോഷം, നന്ദി. ഇവിടത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിന്, ഇവിടത്തെ മികച്ച ആരോഗ്യരംഗത്തിന്, സൗകര്യങ്ങൾക്ക്..'', കൊവിഡ് 19 ഭേദമായി ആശുപത്രി വിടുമ്പോൾ ബ്രിട്ടീഷ് സ്വദേശിയായ ജെയ്ൻ ജാക്സണ് നമ്മുടെ നാട്ടിലെ ഡോക്ടർമാരെക്കുറിച്ചും പറയാനുള്ളതിതാണ്. സ്വദേശത്ത് നിന്ന് മൈലുകൾ അകലെ തീർത്തും പരിചിതമല്ലാത്ത നാട്ടിൽ തങ്ങൾക്ക് ലഭിച്ചത് മികച്ച പരിചരണമാണെന്ന് ജെയ്നും മറ്റ് സംഘാംഗങ്ങളും പറയുന്നു.

''ഞങ്ങൾക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ഇത്ര മികച്ച ചികിത്സ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം'', എന്ന് സ്റ്റീവൻ ഹാൻകോക്ക് പറയുന്നു.

തളർന്ന് പോയ സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർ ആത്മവിശ്വാസം പകർന്നുവെന്നും ഇവർ ഓർത്തെടുക്കുന്നു.

''നമുക്ക് വിഷമം വരുമ്പോൾ, ആകെ തളർന്ന് പോയപ്പോഴൊക്കെ ഇവരുണ്ടായിരുന്നു കൂടെ. സഹായത്തിനും പരിചരണത്തിനും'', എന്ന് ആനി വിൽസൺ.

83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ആശുപത്രി വിട്ട് മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്ന ഇവർ പറയും കൊവിഡിനെ എങ്ങനെ തോൽപ്പിക്കണമെന്ന്.

''വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ, സാമൂഹിക അകലം പാലിക്കൂ, നന്ദി, സന്തോഷം, ബൈ...''

click me!