പണമില്ല, കോട്ടയത്ത് പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി, ഓടില്ലെന്ന് നഗരസഭ

By Web TeamFirst Published Apr 3, 2020, 1:15 PM IST
Highlights

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കയ്യിലുള്ള ഫണ്ടിന് പരിധിയുണ്ടെന്നും പലയിടങ്ങളിലും അത് തീർന്ന് തുടങ്ങിയെന്നും കുറച്ച് ദിവസങ്ങൾക്കകം ഇത് നിർത്തേണ്ടി വരുമെന്നും കോട്ടയം നഗരസഭാധ്യക്ഷ പി ആ‍ർ സോന ഏഷ്യാനെറ്റ് ന്യൂസിനോട്. പലയിടത്തും കമ്മ്യൂണിറ്റി കിച്ചനിൽ വിതരണം ചെയ്യുന്ന അളവ് കുറഞ്ഞു.

കോട്ടയം: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുന്നതിൽ വലിയ സാമ്പത്തിക പ്രതിസന്ധി. തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകൾ പലതും തീർന്നു തുടങ്ങിയത് വൻ പ്രതിസന്ധിയാണ് കോട്ടയം ജില്ലയിലുണ്ടാക്കുന്നത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി. കോട്ടയത്ത് മറ്റ് പലയിടങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവും കുറഞ്ഞു.

ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ കോട്ടയത്ത് പൂർണമായും നിർത്തേണ്ടി വരുമെന്നാണ് കോട്ടയം നഗരസഭാധ്യക്ഷ പി ആർ സോന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിച്ചതും മറ്റൊരു പ്രതിസന്ധിയാണെന്നും പി ആർ സോന വ്യക്തമാക്കുന്നു.

23 കോടി രൂപയാണ് സംസ്ഥാന സർക്കാർ സമൂഹ അടുക്കളകൾ സജ്ജമാക്കുന്നതിനായി കുടുംബശ്രീക്ക്  അനുവദിച്ച് നൽകിയിരിക്കുന്നത്. ഓരോ കമ്മ്യൂണിറ്റി കിച്ചണും ആവശ്യത്തിനനുസരിച്ച് 50,000 രൂപ വരെ ലഭ്യമാക്കും. സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് സ്വീകരിക്കുകയോ. സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തുകയോ വേണം എന്നാണ് നിർദ്ദേശം. സിവിൽ സപ്ലൈസ് 10 രൂപ 90 പൈസക്കാണ് സമൂഹ അടുക്കളകളിലേക്ക് അരി കൊടുക്കുന്നത്. 86 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകളും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. 

എന്നാൽ ഇത്തരത്തിൽ സ്പോൺസർഷിപ്പ് കണ്ടെത്തുന്നത് പ്രായോഗികമല്ല എന്നാണ് വ്യക്തമാകുന്നത്. ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രാദേശിക തലത്തിൽ സ്പോൺസർഷിപ്പുകൾ കിട്ടില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പക്കൽ എല്ലാ ദിവസവും ഇത്രയധികം പണവുമില്ല. ഇനിയെങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ അന്തിച്ചുനിൽക്കുകയാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും.

ഇത്തരത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കാനായി നിർദേശം വന്ന സമയത്ത് തന്നെ പക്ഷേ, പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒട്ടും സമയം വൈകിക്കാതെ, സമൂഹ അടുക്കളകൾ സജ്ജീകരിച്ചിരുന്നതാണ്. പ്രഖ്യാപനം വന്ന് പിറ്റേന്ന് രാവിലെ തന്നെ സമൂഹ അടുക്കള തയ്യാറാക്കിയ തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്.

ജനമൈത്രി പൊലീസ് സ്റ്റേഷനുകളെയും തദ്ദേശഭരണസ്ഥാപനങ്ങൾ സ്വയം തയ്യാറാക്കുന്ന പട്ടികകളെയും ഉപയോഗിച്ച് ഭക്ഷണം വേണ്ട ആളുകളെ കണ്ടെത്തി ആവശ്യമുള്ളവർക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നൽകുന്നുണ്ട്. വോളണ്ടിയർമാരെ ഉപയോഗിച്ചാണ് ഭക്ഷണവിതരണം. സൗജന്യമായി ഭക്ഷണം വേണ്ടവ‍ർക്ക് അങ്ങനെ ഭക്ഷണം നൽകും. അതല്ലാത്തവർക്ക് 20 രൂപ കൊടുത്ത് ഭക്ഷണം വാങ്ങാം - എന്നായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഒപ്പം പെരുമ്പാവൂർ പോലെയുള്ള ഇടങ്ങളിൽ, അതിഥിത്തൊഴിലാളികൾക്കായി അവർക്ക് വേണ്ട ഭക്ഷണം ഉൾപ്പെടുത്തി പ്രത്യേക ഉത്തരേന്ത്യൻ ഭക്ഷണവും നൽകുന്നുണ്ട്. 

ഇന്ത്യയാകെ പ്രശംസ പിടിച്ചുപറ്റിയ മാതൃകയാണ് പതിയെ പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്നത്. സംസ്ഥാനസർക്കാർ തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എത്ര ദിവസം ഇത് തുടരാനാകും എന്നതാണ് ആശങ്കയുയർത്തുന്നത്.

click me!