കൊവിഡ് 19; നിരീക്ഷണത്തിലുള്ളവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി

Web Desk   | Asianet News
Published : Mar 16, 2020, 09:55 PM IST
കൊവിഡ് 19; നിരീക്ഷണത്തിലുള്ളവര്‍  വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി

Synopsis

വൈദ്യുതി വിഛേദിക്കില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു...

തിരുവനന്തപുരം: കൊവിഡ് 19 കാരണം ഐസൊലേഷനിലോ  വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പിഴയീടാക്കില്ലെന്ന് കെഎസ്ഇബി. വൈദ്യുതി വിഛേദിക്കില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു. കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ആളുകള്‍ക്കിടയില്‍ ഇത്തരമൊരു ആശങ്ക നിലനില്‍ക്കെ ആശ്വാസമാകുകയാണ് കെഎസ്ഇബിയുടെ തീരുമാനം. 

അതേസമയം സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.  2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. ഈ പിന്തുണ സര്‍ക്കാരിന് വലിയ ഊര്‍ജ്ജം നല്‍കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ