ലോക്ക് ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് വനം മന്ത്രി

By Web TeamFirst Published Apr 7, 2020, 12:53 PM IST
Highlights

നാലാം തീയതിയാണ് കുടുംബത്തോടൊപ്പം ഡിഎഫ്ഒ  തെലങ്കാനയിലേക്ക് പോയത്. തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ഡിഎഫ്ഒ ശ്രീനിവാസൻ ലോക്ഡൗൺ ലംഘിച്ച് സംസ്ഥാനം വിട്ടത്.

തിരുവനന്തപുരം/കണ്ണൂർ: ലോക്ക് ഡൗണിനിടെ അനുമതിയില്ലാതെ അവധിയെടുത്ത് സംസ്ഥാനം വിട്ട കണ്ണൂർ ഡിഎഫ്ഒയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇക്കാര്യത്തിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും ഗുരുതര വീഴ്ച വരുത്തിയ കെ ശ്രീനിവാസനെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും വനം മന്ത്രി കെ രാജു അറിയിച്ചു. നാലാം തീയതിയാണ് കുടുംബത്തോടൊപ്പം ഡിഎഫ്ഒ  തെലങ്കാനയിലേക്ക് പോയത്.

തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ഡിഎഫ്ഒ ശ്രീനിവാസൻ ലോക്ഡൗൺ ലംഘിച്ച് സംസ്ഥാനം വിട്ടത്. വയനാട് ചെക്ക്പോസ്റ്റിൽ സ്വാധീനം ചെലുത്തി അതിർത്തി കടന്ന് ബംഗലൂരു വഴി തെലങ്കാനയിലേക്ക് പോയി. ഡിഎഫ്ഒയുടെ അവധി അപേക്ഷ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയിരുന്നെങ്കിലും ഇത് വകവയ്ക്കാതെയായിരുന്നു യാത്ര. 

കണ്ണൂരിൽ കണ്ണവം, കൊട്ടിയൂർ റെയിഞ്ചുകളിലായി നാൽപതിലേറെ ആദിവാസി ഊരുകൾ വനത്തിനകത്തുണ്ട്. ഇവിടങ്ങളിൽ ഭക്ഷണമെത്തിക്കേണ്ടതിന്റെയും കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെയും ചുമതലയുള്ള ഐഫ്എഫ്എസ് ഉദ്യോഗസ്ഥൻ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നൽകിയത്.

click me!