
തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളെ കുറിച്ച് സംസ്ഥാന തീരുമാനം മറ്റന്നാൾ. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കിൽ രോഗ വ്യാപന തോത് കുറഞ്ഞ കേരളത്തിൽ 20 ന്ശേഷം ചില മേഖലകളിൽ ഇളവുകൾ കൊണ്ടുവരാം. എന്നാൽ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താൽ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിൻറെ വിലയിരുത്തൽ.
അടച്ചിടൽ നീളുമ്പോൾ കേരളത്തിന്‍റെ ഏറ്റവും വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാന വരുമാന സ്രോതസ്സുകളായ ലോട്ടറിയും മദ്യവില്പനയും നിലച്ചതാണ് പ്രധാന പ്രശ്നം. ഒപ്പം കാർഷിക നിർമ്മാണ മേഖലയിലെ തകർച്ചയും വലിയ തിരിച്ചടിയായിട്ടുണ്ട്.
മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ താളം തെറ്റുമെന്നും ഉറപ്പായി. എസ്എസ്എൽസി അടക്കം മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിലെ അനിശ്ചിതത്വം പരിഹരിക്കാൻ സര്‍ക്കാരിനി എന്ത് ചെയ്യുമെന്നും കണ്ടറിയണം.
ഇന്നത്തെ സാഹചര്യത്തിൽ രോഗ വ്യാപന തോത് ഇനിയും കേരളത്തിൽ കുറയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. പക്ഷെ 20 ന് ശേഷം വരാനിടയുള്ള ഇളവുകളടക്കം മുന്നിൽകണ്ടുള്ള പ്രതിരോധപ്രവർത്തനം ശക്തമാക്കാനാണ് സംസ്ഥാനത്തിൻറെ ശ്രമം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam