താൽക്കാലിക ഇളവ് കൊണ്ട് എന്താകാൻ? പ്രത്യേക പാക്കേജ് തേടി മത്സ്യത്തൊഴിലാളികൾ

By Web TeamFirst Published Apr 20, 2020, 12:23 PM IST
Highlights

മാർച്ച് 22 മുതൽ സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ വരുന്ന പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾ കടലിൽ പോയിട്ടില്ല.ഐസ് ഫാക്ടറികൾ, ഹാർ‍ബറുകൾ, അടക്കമുള്ളവയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും ഇളവില്ല.

കൊച്ചി: ലോക്ഡൗണിലെ താൽക്കാലിക ഇളവുകൾ സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖലയിലെ പട്ടിണിമാറ്റില്ലെന്ന് തൊഴിലാളികൾ. 30 അടി വരെയുള്ള പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ടെങ്കിലും ഐസ് ഫാക്ടറിയടക്കമുള്ള അനുബന്ധ മേഖലയ്ക്ക് ഇളവ് നൽകാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. 

മാർച്ച് 22 മുതൽ സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ വരുന്ന പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾ കടലിൽ പോയിട്ടില്ല. തീരത്തെ പ്രതിസന്ധി കടുത്തപ്പോൾ ആദ്യം പത്ത് അടിയുള്ള യാനങ്ങൾക്കും ഇന്നലെ 30 അടിവരെയുള്ള യാനങ്ങൾക്കും കടലിൽ പോകാൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഐസ് ഫാക്ടറികൾ, ഹാർ‍ബറുകൾ, അടക്കമുള്ളവയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും ഇളവില്ല. അതിനാൽ  ചെറു യാനങ്ങൾ ഒഴികെ ഒന്നും കടലിൽ പോകുന്നില്ല. തീരത്താകട്ടെ ആയിരക്കണക്കിന് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. 

12 നോട്ടിക്കൽ മൈലിനകത്ത് മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങളാണ് മത്തി അയല അടക്കമുള്ള മീനുകൾ വിപണയിലെത്തിക്കുന്നത്. ഇത്തരം വള്ളങ്ങളിൽ ചുരുങ്ങിയത് 30 തൊഴിലാളികൾ ഉണ്ടാകും. പലതും 30 അടിയിൽ കൂടുതലുള്ള വള്ളങ്ങളുമാണ്.   സാമൂഹിക അകലം കർശനമാക്കിയതിനാൽ ഈ വള്ളങ്ങൾക്കൊന്നും കടലിൽ പോകാനാകില്ല. അടുത്ത മാസത്തോടെ ട്രോംളിംഗ് നിരോധനവും, മൺസൂൺ നിയന്ത്രണവും എത്തും. ഇതോടെ മുഴുപ്പട്ടിണിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. 

click me!