ശ്രീചിത്ര ആശുപത്രിയിൽ ഒപിയിലും കിടത്തി ചികിത്സയിലും നിയന്ത്രണം, പകരം ടെലിമെഡിസിൻ

By Web TeamFirst Published Apr 19, 2021, 3:46 PM IST
Highlights

ഇന്നലെയും ഇന്നുമായി ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. 

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒപി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കൊവിഡ് ബാധ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണം. ഇന്നലെയും ഇന്നുമായി ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ഹൃദയരോഗവിഭാഗത്തിൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കാണ് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത്. രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ  നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കോവിഡ്  വ്യാപനം കുറയുന്നത് അനുസരിച്ചു പുനഃക്രമീകരിച്ചു നൽകും. 

ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി. ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്ത ഫയൽ ഉള്ള  രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ  സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടർ ഒപ്പിട്ട പ്രിസ്ക്രിപ്ഷൻ ഡൌൺലോഡ് ചെയ്യുവാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓൺലൈൻ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്മെൻറ് മെസ്സേജ് ആയി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ  തരുന്നതായിരിക്കും. 04712524535 / 435 / 615. ഇമെയിൽ ആയും ടെലിമെഡിസിൻ അപേക്ഷ നൽകാവുന്നതാണ് mrd@sctimst.ac.in .

click me!