ഇ- ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാൻ പൊതു ഭരണസെക്രട്ടറി, പരാതിയുമായി ജീവനക്കാർ

By Web TeamFirst Published May 13, 2020, 1:52 PM IST
Highlights

കൊവിഡ്-19 പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓഫീസ് പ്രവർത്തനം സർക്കാർ ക്രമീകരിച്ചിരുന്നു. സെക്ഷൻ ഓഫീസർ മുതൽ മുകളിലേക്കുള്ള 50 ശതമാനം ജീവനക്കാരും അതിന് താഴെയുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. 
 

തിരുവനന്തപുരം: ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കണമെന്ന ശുപാ‍ർശയുമായി പൊതുഭരണ സെക്രട്ടറി. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാനാണ് ധനസെക്രട്ടറിക്ക് നൽകിയ കുറിപ്പ്. ശുപാർശക്കെതിരെ ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കൊവിഡ്-19 പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓഫീസ് പ്രവർത്തനം സർക്കാർ ക്രമീകരിച്ചിരുന്നു. സെക്ഷൻ ഓഫീസർ മുതൽ മുകളിലേക്കുള്ള 50 ശതമാനം ജീവനക്കാരും അതിന് താഴെയുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. 

തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും സ്വന്തമായി വാഹനമുളളവരെയാണ് പരമാവധി ഉപയോഗിപ്പെടുത്തിയത്. ഓരോ വകുപ്പും പുറത്തിറക്കിയ പട്ടികയിൽ തിരുവന്തപുരത്ത് ദിവസവും എത്തി ജോലി ചെയ്യാൻ കഴിയാത്തവരും ഉള്‍പ്പെട്ടിരുന്നു. ഇവരോട് വീട്ടിലിരുന്ന് ഇ- ഫയലിംഗ് വഴി ജോലി ചെയ്യാനായിരുന്നു നിർദ്ദേശം, 
പ്രവൃത്തി ദിവസങ്ങളിൽ 12 മണിക്ക് മുമ്പ് ഇ-ലോഗിൻ ചെയ്യുന്ന ജീവനക്കാരുടെ പട്ടിക വകുപ്പുകള്‍ തയ്യാറാക്കി പൊതുഭരണവകുപ്പിന് നൽകുന്നുണ്ട്. എന്നാൽ ജോലിക്ക് നിയോഗിച്ച പലരും ഇ-ലോഗിൻ ചെയ്യുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ശമ്പളം പിടിക്കാൻ നിർദ്ദേശം നൽകിയത്. 

ഇ-ലോഗിൻ ചെയ്യാത്തവർ അവധിയാണെന്ന കണക്കാക്കി ശമ്പളം പിടിക്കണമെന്നാണ് ധനസെക്രട്ടറി നൽകിയ കുറിപ്പ്. ഇതിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. അശാസ്ത്രീയമായ തീരുമാനമെന്നാണ് സംഘടനകള്‍ പറയുന്നത്.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇ- ലോഗിൻ പലപ്പോഴും തടസ്സപ്പെടുന്നുണ്ടെന്നും സംഘടനകള്‍ ആരോപിക്കുന്നു. കൊവിഡ് പശ്ചാലത്തിൽ ഒരു മാസത്തെ ശമ്പളം പിടിച്ചതിന് പിന്നാലെ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് കൂടി ശമ്പളം പിടിക്കാനുള്ള നീക്കമാണിതെന്ന പരാതിയും മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്.

click me!