കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നിറയുന്നു

By Web TeamFirst Published Apr 24, 2021, 9:19 AM IST
Highlights

നിലവില്‍ എറണാകുളം കോഴിക്കോട് ജില്ലകളില്‍ ഇരുപതിനായിരത്തിലധികം രോഗികള്‍ ചികില്‍സയിലുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാകട്ടെ ഈ കണക്ക് പതിനായിരത്തിനും മേലെയാണ്.

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് അതി തീവ്രമാകുന്നു. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ കിടക്കകകളും ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കിടക്കകള്‍ തീരെ ലഭ്യമല്ല, ഇക്കണക്കിന് പോയാൽ തീവ്രപരിചരണം പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. കൊവിഡിതര ചികില്‍സകൾ പരമാവധി കുറയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ.

കൊവിഡ് ആദ്യം കേരളത്തെ വലിയ ആശങ്കയിലാക്കിയത് കഴിഞ്ഞ ഒക്ടോബറില്‍. പ്രതിദിന രോഗികളുടെ എണ്ണം 11000നും മുകളില്‍ പോയ മാസം. ആ മാസത്തെ ആകെ രോഗികളുടെ എണ്ണം 2,36,999 ആയിരുന്നു. എന്നാല്‍ ഈ മാസം ഇന്നലെവരെ മാത്രം ആകെ രോഗികള്‍ 1,78,983 ആയി. ഒക്ടോബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 22381. ഈ മാസം ഇന്നലെ വരെ 16,999. ഒക്ടോബര്‍ മാസത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ 795ഉം വെന്‍റിലേറ്ററിൽ 231ഉം രോഗികള്‍ മാത്രം.

എന്നാൽ പ്രതിദിന രോഗികള്‍ 28000നും മുകളില്‍ പോയി ഏറ്റവും ഉയര്‍ന്ന ടിപിആറും രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസം ഐസിയുകളിൽ 1218 പേരും വെന്‍റിലേറ്ററുകളില്‍ 347 പേരും ചികില്‍സയില്‍. ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുകളിൽ 106പേര്‍, വെന്‍റിലേറ്ററുകളില്‍ 71 പേര്‍. മരണങ്ങളുടെ എണ്ണവും പതിയെ ഉയരുകയാണ്.

നിലവില്‍ എറണാകുളം കോഴിക്കോട് ജില്ലകളില്‍ ഇരുപതിനായിരത്തിലധികം രോഗികള്‍ ചികില്‍സയിലുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാകട്ടെ ഈ കണക്ക് പതിനായിരത്തിനും മേലെയാണ്.

സർക്കാരും പൊതുജനവും ഒത്ത് ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളു.

click me!