'പാവപ്പെട്ട രോഗികൾക്ക് വീട്ടിൽ സൗജന്യമായി മരുന്നെത്തിക്കാം', ചെയ്യേണ്ടതെന്ത്? മന്ത്രി പറയുന്നു

Web Desk   | Asianet News
Published : Apr 07, 2020, 03:03 PM ISTUpdated : Apr 07, 2020, 03:43 PM IST
'പാവപ്പെട്ട രോഗികൾക്ക് വീട്ടിൽ സൗജന്യമായി മരുന്നെത്തിക്കാം', ചെയ്യേണ്ടതെന്ത്? മന്ത്രി പറയുന്നു

Synopsis

ലോക്ക്ഡൗൺ കാലത്ത് രോഗികളായി കഴിയുന്ന മലയാളി നഴ്സുമാർ, ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ ഉപകരണങ്ങളും വെന്‍റിലേറ്ററുകളും.. കൊവിഡ് കാലത്ത് കേരളത്തിന്‍റെ ആരോഗ്യരംഗത്തിന്‍റെ മുന്നൊരുക്കത്തെക്കുറിച്ച് ആരോഗ്യദിനത്തിൽ മന്ത്രി കെ കെ ശൈലജ പറയുന്നു. 

തിരുവനന്തപുരം: കൊവിഡ് കാലത്ത് ലോക്ക് ഡൗണിൽ പെട്ട് പോയ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് വീട്ടിലേക്ക് സൗജന്യമായി മരുന്നെത്തിക്കാനുള്ള നടപടികൾ സജീവമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 

അവയവമാറ്റ സർജറികളടക്കം നടത്തിക്കഴിഞ്ഞോ, സർജറി കാത്തിരിക്കുകയോ ചെയ്യുന്ന രോഗികളോ, ഗർഭിണികളോ, ചികിത്സ ആവശ്യമുള്ള വൃദ്ധരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ അതാത് പ്രൈമറി ഹെൽത്ത് സെന്‍ററുകൾക്കും ഫാമിലി ഹെൽത്ത് സെന്‍ററുകൾക്കും നിർദേശം നൽകിക്കഴിഞ്ഞതാണ്. നിലവിൽ മരുന്ന് പുറത്തിറങ്ങി വാങ്ങിക്കേണ്ടവരുടെ കണക്ക് ആശാവർക്കർമാർ വഴിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴിയും ശേഖരിച്ച്, സാമൂഹ്യസുരക്ഷാ മിഷന്‍റെ വയോമിത്രം പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ മരുന്നെത്തിച്ച് കഴിഞ്ഞതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ കര കയറാൻ എന്ന തത്സമയപ്രത്യേക പരിപാടിയിൽ പറഞ്ഞു.

ഒരാൾക്കും ചികിത്സ നിഷേധിക്കരുത് എന്ന് തന്നെയാണ് സംസ്ഥാനസർക്കാരിന്‍റെ നിലപാട്. അതിനാൽത്തന്നെ കേരളത്തിൽ താലൂക്ക്, ജില്ലാ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളുമെല്ലാം ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് രോഗലക്ഷണങ്ങളല്ലാതെ മറ്റേത് അസുഖമുണ്ടെങ്കിലും ഈ ആശുപത്രികളിലെല്ലാം ചികിത്സ തേടാം. സ്വകാര്യ ആശുപത്രികളോടും ഒരു കാരണവശാലും ചികിത്സ നിഷേധിക്കരുതെന്നും, ചെറുക്ലിനിക്കുകളടക്കം പൂട്ടിയിടരുത് എന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമായിട്ടുണ്ട്. 

കൊവിഡ് പ്രത്യേകാശുപത്രികളായി മാറ്റിയ ഇടങ്ങളിലെ ചികിത്സ മാത്രമേ മാറ്റിയിട്ടുള്ളൂ. അവിടെ മാറ്റി വയ്ക്കാവുന്ന ശസ്ത്രക്രിയകളേ മാറ്റിയിട്ടുള്ളൂ. അടിയന്തരമായി ചെയ്യേണ്ടതെല്ലാം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തൊട്ടടുത്ത ആശുപത്രികളിലേക്ക് പോയി ചെയ്യുന്നുമുണ്ട്. അല്ലാത്തവയിൽ ടെലി മെഡിസിൻ രീതി അവലംബിക്കുന്നുണ്ട്. പലയിടങ്ങളിലും പൊലീസിന്‍റേതടക്കം സഹായത്തോടെ മരുന്നുകൾ വീട്ടിലെത്തിക്കുന്നുണ്ട്. 

ചില ഇടങ്ങളിലെങ്കിലും പോസ്റ്റലായി മരുന്ന് ലഭിക്കേണ്ടതിൽ തടസ്സം നേരിടുന്നുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. അതിൽ കൃത്യമായ ഇടപെടലുകൾ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുണ്ട്. പോസ്റ്റൽ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇതിൽ ഇടപെടാനുള്ള നടപടികളെടുക്കും.

വാക്സിനേഷനടക്കമുള്ള കാര്യങ്ങളിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. വാക്സിനേഷൻ നടത്താനുള്ള സമയമായെങ്കിൽ അതാത് അടുത്തുള്ള പിഎച്ച്സികളെയോ കുടുംബാരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കണം. അവരെ വിവരമറിയിച്ചാൽ വേണ്ട നടപടികളെടുക്കും. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും എത്തിക്കാം - മന്ത്രി വ്യക്തമാക്കി. 

മന്ത്രിയോട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ തത്സമയഷോയിൽ വിളിച്ച ചിലരോട് മന്ത്രി നൽകിയ മറുപടികൾ:

ലോക്ക് ഡൗൺ കഴിഞ്ഞാൽ എന്താകും കേരളത്തിലെ സ്ഥിതി? - ഷൈൻ ബാബു കൊല്ലം

ലോക്ക് ഡൗൺ കഴിഞ്ഞാൽ എന്തുണ്ടാകും എന്ന് ഇപ്പോൾ പറയാനാകില്ല. രോഗവ്യാപനത്തിന്‍റെ ഒന്നാം ഘട്ടം കേരളം നന്നായി കൈകാര്യം ചെയ്തു. അടുത്ത ഘട്ടത്തിൽ നിരവധി രാജ്യങ്ങളിൽ നിന്ന് ആളുകൾ വന്നു. അത് ശ്രമകരമായ ഘട്ടമായിരുന്നു. ഹോം ക്വാറന്‍റൈനിലേക്ക് നിരവധിപ്പേരോട് മാറാൻ പറഞ്ഞു. അവരുടെ സമ്പർക്കങ്ങൾ കണ്ടെത്തി. പക്ഷേ ചുരുക്കം ചിലർ വീട്ടിലിരുന്നില്ല. പുറത്തിറങ്ങി നടന്നു. വലിയ ബുദ്ധിമുട്ടായി അത്. പൊലീസിനെ അടക്കം ഉപയോഗിച്ച് രോഗികളെ നിരീക്ഷിക്കേണ്ടി വന്നു. ഇപ്പോഴും പല രോഗികളും പൊസിറ്റീവാകുമ്പോൾ പറയാൻ തയ്യാറാകുന്നില്ല. രണ്ടാംഘട്ടത്തിൽ കേരളം പരമാവധി ശ്രദ്ധയോടെ നിന്നു. 300-ൽ ചില്വാനം കേസുകൾ കേരളം ശ്രദ്ധയോടെ നിന്നില്ലെങ്കിൽ 3000 കടന്നേനെ. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഇപ്പോൾ പറയാനാകില്ല. സമൂഹവ്യാപനം ഉണ്ടായാൽ എന്ത് വേണമെന്നതിന് പ്ലാൻ എ, ബി, സി എന്നിങ്ങനെ കേരളം തയ്യാറാക്കി വച്ചിട്ടുണ്ട്. ഏപ്രിൽ 14 കഴിഞ്ഞാലും നിയന്ത്രണം തീരില്ല. തോന്നുംപടി പുറത്തിറങ്ങി നടക്കാനാകില്ല. ശ്രദ്ധ കൂടിയേ തീരൂ. 

രോഗികളെയെല്ലാം കോട്ടയത്ത് ഡിസ്ചാർജ് ചെയ്തു. നാളെ എന്‍റെ ഐസൊലേഷൻ കാലാവധി കഴിയുകയാണ്. നാളെ മുതൽ കേരളത്തിൽ ഏത് ജില്ലയിൽ പോയി ജോലി ചെയ്യാനും തയ്യാറാണ്. കാസർകോട് വേണമെങ്കിലും പോയി ജോലി ചെയ്യാൻ തയ്യാർ. പക്ഷേ, മുംബൈയിലും ദില്ലിയിലും കൊവിഡ് രോഗബാധിതരായും ഐസൊലേഷനിലും ആയി കഴിയുന്ന മലയാളി നഴ്സുമാർക്കായി സർക്കാരിന് എന്തെങ്കിലും ചെയ്യാനാകുമോ? - കോട്ടയത്ത് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരെ പരിശോധിച്ച് ഐസൊലേഷനിലുള്ള നഴ്സ് പാപ്പ ഹെൻറി

കേരളത്തിലെ ഈ നഴ്സുമാരെ ഓർത്താണ് സർക്കാരിന് അഭിമാനം. ഇത്തരത്തിലുള്ള നഴ്സുമാരാണ് നമ്മുടെ സമ്പത്ത്. മുംബൈയിലും ദില്ലിയിലും രോഗബാധിതരായ നഴ്സുമാരുമായി സംസാരിച്ചിരുന്നു. അവരിപ്പോൾ നിലവിൽ സേഫാണ്. ഐസൊലേഷനിലുള്ളവർക്കാണ് ആശങ്കയുള്ളത്. അവ‍ർക്ക് വേണ്ട സൗകര്യങ്ങൾ കിട്ടാൻ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. എന്തായാലും കേരളം പോലെയാകില്ലെന്ന് അവരെല്ലാവരും പറയുന്നുണ്ട്. എന്തായാലും കേരളത്തിലേക്ക് നിലവിൽ ആളുകളെ കൊണ്ടുവരുന്നതിൽ പരിമിതിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് നിലവിൽ അവരുമായി എല്ലാവരുമായി സംസാരിക്കുന്നുണ്ട്. ആരെയും ലോക്ക് ഡൗണായതിനാൽ നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. പക്ഷേ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കുന്നതിനനുസരിച്ച് അതാത് ഇടത്തെ അധിക‍ൃതരുമായി സംസാരിക്കുന്നുണ്ട്. 

നമ്മുടെ മെഡിക്കൽ സ്റ്റാഫിന് വേണ്ട സ്വയം സുരക്ഷാ ഉപകരണങ്ങൾ സർക്കാരിന് ഉറപ്പാക്കാനായിട്ടുണ്ടോ? - പ്രസിദ്ധ കലാകാരി മേതിൽ ദേവിക - (ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ന് പിന്തുണയുമായി അവർ തയ്യാറാക്കിയ നൃത്തശിൽപം ഏറെ ശ്രദ്ധ നേടിയിരുന്നു)

മേതിൽ ദേവികയ്ക്ക് നന്ദി. കേരളത്തിന് ഒരു പ്രശ്നം വന്നപ്പോൾ സ്വന്തം കലാരൂപത്തെ അതിനായി ഉപയോഗിക്കുകയും സമൂഹത്തിന് ഒരു സന്ദേശം എത്തിക്കാനും അവർക്കായല്ലോ. ആശുപത്രികളിൽ ജോലി ചെയ്യുന്ന എല്ലാ സ്റ്റാഫിനും പിപിഇകൾ ഉറപ്പാക്കിയിട്ടുണ്ട്. അത് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. നമുക്ക് തന്നെ പിപിഇ നിർമിക്കാനുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. വെന്‍റിലേറ്ററുകൾ കുറഞ്ഞ ചിലവിൽ നിർമിക്കാൻ കമ്പനികളുമായി ചർച്ച തുടങ്ങി. സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ നടക്കുന്നുണ്ട്.

ഇതിനിടെ റോട്ടറി ക്ലബിന്‍റെ പ്രതിനിധി ഫോണിൽ വിളിച്ച് സംസ്ഥാനത്തെമ്പാടും മെഡിക്കൽ കോളേജുകളിലേക്കായി ഒരു കോടി പത്ത് ലക്ഷം രൂപയോളം വില വരുന്ന പത്ത് ഐസിയു വെന്‍റിലേറ്ററുകൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. അതിനെ സ്വാഗതം ചെയ്ത ആരോഗ്യമന്ത്രി എപ്പോൾ വെന്‍റിലേറ്ററുകൾ എത്തുന്നോ അപ്പോൾ ഉടനടി സ്വീകരിക്കാനുള്ള സത്വര നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. 

തത്സമയസംപ്രേഷണം:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്