
തിരുവനന്തപുരം: ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നു. രണ്ട് സ്ഥലങ്ങൾ കൂടി കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെടുത്തി. രോഗം ബാധിച്ച വിഎസ് എസ് സി ജീവനക്കാരൻറ വിരമിച്ച വിഎസ് എസ് എസ് സി ജീവനക്കാരന്റെയും സങ്കീർണ്ണമായ റൂട്ട് മാപ്പ് പുറത്തുവന്നത് നഗരത്തിലെ ആശങ്ക കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വിഎസ് എസ് സി ജീവനക്കാരൻ നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 15 നാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. 16 തിരുമല ശ്രീകൃഷ്ണ ആശുപത്രിയിൽ ഡോക്ടറെ കണ്ടു, 18ന് ചാലയിലെ നിരവധി കടകളിലും ബാങ്കിലും സന്ദർശിച്ചു. 19ന് വീണ്ടും ശ്രീകൃഷ്ണ ആശുപത്രിയിലെത്തി, 21ന് പിആർഎസ് ആശുപത്രിയിലും. 24നാണ് കൊവിഡ് 19 പോസീറ്റീവായത്. വിഎസ് എസ്സിയിൽ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന 12 ജീവനക്കാർ ഇതിനം നിരീക്ഷണത്തിലാണ്.
രോഗം ബാധിച്ച വിരമിച്ച വിഎസ്എസ്എസി ജീവനക്കാരൻ 23ന് കുളത്തൂരിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. 18ന് രോഗലക്ഷണങ്ങൾ കണ്ടശേഷം അനന്തപുരി ആശുപത്രിയിൽ നിരന്തരം പോയിരുന്നു. കൊവിഡ് ബാധിച്ച സ്റ്റേഷനറി കട നടത്തുന്നയാൾ ഭാര്യയുടെ ബ്യൂട്ടിപാർലർ ഉദ്ഘാടനത്തിനുൾപ്പടെ പങ്കെടുത്തതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നുണ്ട്. വള്ളക്കടവ് പുത്തൻതോപ്പ് എന്നിവിടങ്ങളിലെ രണ്ട് പേർക്ക് കൂടി ഇന്ന് നഗരത്തിൽ രോഗം സ്ഥിരികരിച്ചതോടെ ഈ പ്രദേശങ്ങളും നിരീക്ഷണത്തിലായി. നിലവിലെ ആറ് കണ്ടെയിൻമെൻറ് സോണുകൾക്ക് പുറമെ തൃക്കണ്ണാപുരം , വള്ളക്കടവ് പ്രദേശങ്ങളുമാണ് പുതിയ കണ്ടൈൻമെന്റ് സോണുകൾ.
പാളയം ചാല മാർക്കറ്റുകളിലേതിന് സമാനമായ നിയന്ത്രണം പേരൂർക്കട, കുമരിച്ചന്തകളിലും ഏർപ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ചന്തകൾ അടച്ചിടും.
നഗരത്തിലെ 24 റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. രാത്രി 9 മുതൽ രാവിലെ 5 വരെ നഗരത്തിൽ പൊലീസിന്റെ കർശനപരിശോധനയാണ്. മറ്റ് ജില്ലകളിൽ നിന്നും തലസ്ഥാനത്തേക്ക് വന്ന് പോകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam