മലപ്പുറത്ത് കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഒരു ദിവസം, കൂടിയത് 4 ശതമാനത്തോളം

By Web TeamFirst Published May 12, 2021, 6:23 PM IST
Highlights

ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.46 ആയിരുന്നു. മലപ്പുറത്ത് ഇതാദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. 

മലപ്പുറം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാകുന്നു.  ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. മലപ്പുറത്ത് ഇതാദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 

മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധനയ്ക്കെത്തുന്ന പത്തുപേരില്‍ നാല് പേര്‍ക്കും രോഗം. 

കഴിഞ്ഞ ദിവസം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇന്നലെയത് വീണ്ടുമുയര്‍ന്നു. രോഗികളുടെ എണ്ണവും ജില്ലയില്‍ കുതിച്ചുയരുകയാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 രോഗികള്‍. ഇതോടെ പോലീസും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു. റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്പി  പറഞ്ഞു.

കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍ ജില്ലയിലെ ചികിത്സാ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!