
പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടെ പാലക്കാട് ജില്ലയിൽ നിന്നും ആശ്വാസ വാർത്ത. പാലക്കാട് സമ്പർക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം കുറയുന്നതായും നിലവിൽ രോഗ ഉറവിടമറിയാത്ത രണ്ട് കേസുകൾ മാത്രമാണുള്ളതെന്നും മന്ത്രി എകെ ബാലൻ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കവും കുറവാണ്. രോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ള കേന്ദ്രങ്ങളിൽ റാപ്പിഡ്, ആന്റിജൻ ടെസ്റ്റുകൾ നടത്തും. എന്നാൽ ജാഗ്രത കൂടുതൽ വേണ്ട സമയമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം കൊല്ലത്ത് നിലവിൽ കൊവിഡ് ക്ലസ്റ്ററുകൾ ഇല്ലെന്ന് മന്ത്രി ജെ മേഴ്സികുട്ടി അമ്മ അറിയിച്ചു. കൊവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് ഒരാഴ്ച്ചക്കകം ചികിത്സക്കായി വിവിധ സ്ഥലങ്ങളിലായി 5000 കിടക്കകൾ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലത്തെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണിത്. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിന്‍മെന്‍റ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാണ്.
കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരുന്നു.തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാർ വക സഹായധനം നല്‍കും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam