ആലുവയിലെ വൈറസ് അപകടകാരി, വ്യാപനശേഷി കൂടുതലെന്നും ആരോഗ്യവകുപ്പ്; കനത്ത ജാഗ്രത

By Web TeamFirst Published Jul 22, 2020, 6:16 PM IST
Highlights

ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവതരമായി കാണണമെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽ കുമാർ പറയുന്നത്. ആലുവയും പരിസരപ്രദേശങ്ങളും ചേർത്ത് ഒറ്റ ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊച്ചി: ആലുവയിൽ പടരുന്ന വൈറസ് കൂടുതൽ അപകടകകാരിയാണെന്ന കണ്ടെത്തലുമായി ആരോഗ്യവകുപ്പ്. ആലുവയിലും പരിസരപ്രദേശങ്ങളിലും കണ്ടെത്തിയ വൈറസിന് വ്യാപനശേഷി കൂടുതലാണെന്നും കൂടുതൽ അപകടകാരിയാണെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ. ഇത് ജില്ലാ ഭരണകൂടവും ശരിവച്ചു. ആലുവയിലും പരിസരപ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്. 

ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവതരമായി കാണണമെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽ കുമാർ പറയുന്നത്. ആലുവയും പരിസരപ്രദേശങ്ങളും ചേർത്ത് ഒറ്റ ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതലാണ് കർഫ്യൂ. കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള  കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്തരുത്. 

രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ്‌ അടക്കും. നിയന്ത്രണങ്ങൾ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത് . ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. 

എറണാകുളത്തെ ചെല്ലാനം മേഖലയിൽ 224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെല്ലാനത്ത് സ്രവ പരിശോധന അവിടെ തന്നെ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തി. എല്ലാ വീടുകളിലും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. ബ്ലീച്ചിങ് പൌഡർ വിതരണം നടക്കുന്നുണ്ട്. ഇന്ന് മുതൽ ചെല്ലാനത്ത് സമൂഹ അടുക്കള തുറന്നു. 

കൊച്ചി നഗരസഭയുടെ നാലാം വാർഡും കണ്ടെയ്‌ൻമെൻറ് സോൺ ആക്കും. വയോജനങ്ങൾ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. കൊവിഡ് രോ​ഗികൾക്കായി 10000 കിടക്കകൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 3752 കിടക്കകൾ സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കൊവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരെ മെഡിക്കൽ കോളേജിലേക്ക് സ്വകാര്യ ആശുപത്രികൾ വിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ വിനിയോഗിച്ച് ചികിത്സ നടത്തണം.

ജില്ലയിൽ സർക്കാർ മേഖലയിൽ 800 കൊവിഡ് ടെസ്റ്റുകൾ ദിവസേന നടക്കുന്നു.  2400 ഓളം ടെസ്റ്റ്‌ സ്വകാര്യ ലാബുകളിലും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

click me!