കൊവിഡ് ബാധിച്ച വണ്ടൂർ സ്വദേശിനിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് 194 പേർ

By Web TeamFirst Published Mar 17, 2020, 8:33 PM IST
Highlights

അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയത് 194 പേർ. ഇവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി.

മലപ്പുറം ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 2193 പേര്‍ വീടുകളിലും മൂന്നു പേര്‍ പ്രത്യേക കോവിഡ് കെയര്‍ സെന്ററിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. 1196 പേര്‍ക്കു കൂടി ഇന്ന് മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളില്‍ 189 പേരുടെ ഫലം ലഭിച്ചു. ഇതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും മലപ്പുറം ജില്ലയില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്തു. ചങ്ങരംകുളം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു വീതവും പൊന്നാനി, മേലാറ്റൂര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളിലാണ് പൊലീസ് കേസെടുക്കുന്നത്.

click me!