വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകർന്നത് മുത്തച്ഛനിൽ നിന്ന്

By Web TeamFirst Published May 11, 2020, 5:37 PM IST
Highlights

നേരത്തേ രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വയനാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ച എട്ട് പേർക്കും രോഗം പകർന്നത് കോയമ്പേട് ക്ലസ്റ്ററിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം.

മാനന്തവാടി: വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് പക്ഷേ പരിശോധനയിൽ രോഗമില്ലെന്നാണ് തെളിഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടിൽ ഒരു കുഞ്ഞിനടക്കം എട്ട് പേ‍ർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്‍റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്കയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കം രണ്ട് പേർക്കും ഇവരുടെ സമ്പർക്കത്തിൽ വന്ന ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ എല്ലാവരെയും ക്വാറന്‍റൈനിലാക്കിയെന്നതിൽ ജില്ലാ ഭരണകൂടത്തിന് തൽക്കാലം ആശ്വസിക്കാം. ഇവരുമായി കൂടുതൽ പേർക്ക് സമ്പർക്കമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. 

വയനാട് ജില്ലയിൽ ആകെ 1855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1839 പേർ വീടുകളിലാണ്. 16 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ആറ് പേരെയാണ്. 

അതേസമയം, വയനാട്ടിൽ ഒരു ഹോട്ട്സ്പോട്ട് കൂടി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നെന്മേനി പഞ്ചായത്താണ് ജില്ലയിലെ പുതിയ ഹോട്ട്സ്പോട്ട്. കോയമ്പേട് പോയി വന്ന ചീരാൽ സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം കോയമ്പേട് മാർക്കറ്റിലെ ജോലിക്കാരനായിരുന്നു. ഈ സാഹചര്യത്താലാണ് നെന്മേനി പഞ്ചായത്ത് പൂർണമായും അടച്ചിടാൻ തീരുമാനിക്കുന്നത്. നെന്മേനിക്ക് ചുറ്റുമുള്ള പ‍ഞ്ചായത്തുകളിലും അതീവ ജാഗ്രത തുടരും. ഇവിടെ ഇനി മുതൽ അവശ്യസേവനങ്ങൾ മാത്രമേ തുറന്ന് പ്രവ‍ർത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. നെന്മേനി കൂടി ഹോട്ട്സ്പോട്ടായതോടെ, സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 34 ആയി.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അതേസമയം, ഇന്ന് ആർക്കും രോഗമുക്തിയുണ്ടായിട്ടില്ല. 489 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

click me!