കൊവിഡും സംഘടനാ ദൗർബല്യവും തിരിച്ചടിയായി; അന്വേഷണ സമിതിക്ക് മുന്നിൽ കാരണം നിരത്തി രമേശ് ചെന്നിത്തല

By Web TeamFirst Published May 26, 2021, 2:32 PM IST
Highlights

സംഘടനാ ദൗർബല്യം മൂലം താഴെ തലത്തിലേക്കു എത്തിക്കാൻ ആയില്ല. ബൂത്ത്‌ കമ്മിറ്റികൾ പലതും നിർജ്ജീവമാണ്. സ്ലിപ് പോലും വീടുകളിൽ എത്തിക്കാൻ ആയില്ല. 

തിരുവനന്തപുരം: അശോക് ചവാൻ സമിതിക്ക് മുന്നിൽ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് തോൽവിയുടെ കാരണം നിരത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് പ്രധാന കാരണമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.

കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല. സർക്കാരിന്റെ അഴിമതികൾ തനിക്കു തുറന്ന് കാട്ടാൻ കഴിഞ്ഞു . അതിന് മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകി. സംഘടനാ ദൗർബല്യം മൂലം താഴെ തലത്തിലേക്കു എത്തിക്കാൻ ആയില്ല. ബൂത്ത്‌ കമ്മിറ്റികൾ പലതും നിർജ്ജീവമാണ്. സ്ലിപ് പോലും വീടുകളിൽ എത്തിക്കാൻ ആയില്ല. ഭരണപക്ഷം പാർട്ടി പ്രവർത്തകരെ കൊവിഡ് സന്നദ്ധ പ്രവർത്തകർ ആക്കി. അമിത് ഷായുടെ സിഎഎ പ്രസ്താവനയെത്തുടർന്ന് കേന്ദ്രത്തിൽ ഭരണം ഇല്ലാത്ത കോൺഗ്രെസ്സിനെക്കാൾ എൽഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലിം വോട്ടുകൾ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ. അഴിച്ചുപണി താഴേത്തട്ട് മുതൽ വേണമെന്ന ശുപാർശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിനും ജില്ലാ ഘടകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനും അശോക് ചവാൻ അധ്യക്ഷനായ സമിതിയെ എഐസിസി നിയോ​ഗിച്ചിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം. മുഴുവൻ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!