ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേർക്ക് രോഗം ഭേദമായി

By Web TeamFirst Published Apr 3, 2020, 6:10 PM IST
Highlights

രണ്ടരമണിക്കൂറിൽ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ കേരളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് മെഷീനുകളുടെ ആയിരം കിറ്റുകൾ അടങ്ങിയ ബാച്ചാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക്  കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേർ കാസർകോട്ടുകാരാണ്. മറ്റുള്ളവർ തൃശ്ശൂർ, കണ്ണൂർ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 14 പേർക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. 

വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികൾ ഉണ്ട്. ഇതുവരെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച 206 പേർ വിദേശത്തു നിന്നും വന്നവരാണ്. 
സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 767 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേക്കി റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ എത്തി. 1000 കിറ്റുകൾ അടങ്ങിയ ആദ്യത്തെ ബാച്ചാണ് ഇന്ന് എത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരിൻ്റെ ഫണ്ടുപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ വാങ്ങിയത്. രണ്ടായിരം റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ കൂടി ഞായറാഴ്ച എത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടരമണിക്കൂറിൽ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകൾ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള തിരുവനന്തപുരം പോത്തൻകോട് മേഖലയിലാവും ആദ്യം ഉപയോഗിക്കാനാണ് സാധ്യത.  

മുഖ്യമന്ത്രിയുടെ വാക്കുകൾ

അമേരിക്കൻ, യൂറോപ്പ് സാഹചര്യങ്ങളെ നോക്കി വേണം കേരളത്തെ വിലയിരുത്താൻ. കേരളത്തിലെ ആദ്യ കൊവിഡ് കേസ് റിപ്പോ‍ർട്ട് ചെയ്യുന്നത് ജനുവരി 30-നാണ്. ഇതുവരെ വിദേശത്ത് നിന്ന് എത്തിയ 206 മലയാളികൾക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 78 പേർക്കാണ് രോഗബാധയുണ്ടായത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേ‍ർക്കാണ്. കാസർകോട് 7 പേർക്ക്, തൃശ്ശൂരും കണ്ണൂരും ഓരോരുത്തർ വീതം. ഇതിൽ മൂന്ന് പേരും നിസാമുദ്ദീനിൽ നിന്ന് തിരികെയെത്തി നിരീക്ഷണത്തിലുള്ളവരാണ്. ഒരാൾ ഗുജറാത്തിൽ നിന്നാണ് വന്നത്. വൻതോതിൽ രോഗവ്യാപനം പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞു. 

290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 250 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായി. ഇതിൽ ഒരാൾ നഴ്സ് ആണെന്നത് കൂടുതൽ ആശ്വാസം.  കോട്ടയത്തെ വൃദ്ധ ദമ്പതികൾ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണ്. ഇവരെ കലവറയില്ലാതെ അഭിനന്ദിക്കുകയാണ്.‌

കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സ്ഥിതിയാണ് ഉള്ളത്. 206 രാജ്യങ്ങളിൽ രോഗബാധയുണ്ടായി. ലോകത്താകെ പത്ത് ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കാണിത്. 46,000-ത്തിലധികം മരണം സംഭവിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. അവിടെ ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തോളം പേർക്ക് രോഗമുണ്ട്. മൂവായിരത്തിലധികം പേർ മരിച്ചു. ഇറ്റലിയിൽ ഒരുലക്ഷത്തിലധികം പേ‍ർക്ക് രോഗം ബാധിച്ചു. അവിടെയും മൂവായിരത്തിലധികം പേർ മരിച്ചു.

ഈ രോഗബാധയുടെ ഗൗരവം ന്യൂയോർക്ക് പരിശോധിച്ചാൽ മനസ്സിലാകും. മാർച്ച് 1-ന് ആദ്യമായി രോഗം സ്ഥിരീകരിച്ച ഇടമാണിത്. ഇവിടെ ഒരു ലക്ഷത്തിൽപ്പരം പേർക്ക് രോഗം ബാധിച്ചു. പതിനായിരത്തോളം പേർ ഇവിടെ രോഗം ബാധിച്ച് മരിച്ചേക്കാമെന്ന് ന്യൂയോർക്ക് ഗവർണർ പറഞ്ഞതാണ്. വികസനം കൊണ്ട് ഉയരത്തിൽ നിൽക്കുന്ന പല നാടുകളും കൊവിഡിൽ ഞെട്ടിനിൽക്കുകയാണ്.  അതിനാലാണ് യൂറോപ്പിനെ നോക്കി വേണം കേരളത്തെ വിലയിരുത്താൻ എന്ന് പറഞ്ഞത്.

ടെസ്റ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയാണ്. ഒപ്പം റാപ്പിഡ് ടെസ്റ്റ് സംവിധാനം കാര്യക്ഷമമാക്കും. ചെറിയ ലക്ഷണങ്ങളുള്ളവരെയും ഇനി പരിശോധിക്കും. സംസ്ഥാനത്തേക്ക് ചരക്ക് ഗതാഗതം വരുന്നതിൽ ചെറിയ കുറവുണ്ട്. ചിലയിടത്തെങ്കിലും പച്ചക്കറി വില കൂടുന്നുണ്ട്. ഇടപെടൽ കൂടുതൽ ഫലപ്രദമാക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പച്ചക്കറികൾ സംഭരിക്കും.

ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾ നിശ്ചയിക്കാൻ വിദഗ്ധസമിതിയെ നിശ്ചയിച്ചു. കെ എം അബ്രഹാം ആണ് അധ്യക്ഷൻ. മാമ്മൻ മാത്യു, ശ്രേയാംസ് കുമാർ, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി ഇക്ബാൽ, ഡോ. എം വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ എന്നിവരടങ്ങിയ 17 അംഗ ടാസ്ക് ഫോഴ്സാകും. 

ജൻധൻ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിൽ വന്ന 500 രൂപ എടുക്കാൻ ബാങ്കുകളിലേക്ക് കൂടുതൽ ആളുകൾ നാളെ തൊട്ടു വരും. അവിടെ തിരക്കുണ്ടാകാതിരിക്കാൻ പൊലീസും ബാങ്കും ശ്രദ്ധിക്കണം. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. ശമ്പളവും പെൻഷനും ഒക്കെ തിരക്കൊഴിവാക്കി ക്രമീകരിക്കുന്നുണ്ട് അവ‍ർ. ആ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്നും അഭ്യ‍ർത്ഥിക്കുകയാണ്. 

198 റേഷൻ കടകളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. വിതരണത്തിൽ പ്രശ്നമുള്ള 17 കേസുകൾ കണ്ടെത്തി. മറ്റ് ക്രമക്കേടുകൾ രണ്ടെണ്ണം. 19 കേസുകളിലായി 12,000 രൂപ പിഴ ചുമത്തി. മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സ ഇ്ലലാതെ പോകരുചെന്ന് നേരത്തേ നിർദേശിച്ചതാണ്. ചില പരാതികൾ വരുന്നത് ഗ്രാമങ്ങളിൽ ക്ലിനിക്കുകൾ തുറക്കുന്നില്ല എന്നതാണ്.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ഇക്കാര്യത്തിൽ ബോധവത്കരണം വേണ്ടതാണ്. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോൾ എല്ലാവരും മാസ്ക് ധരിച്ച് തുടങ്ങി. ഇതിൽ തെറ്റില്ല.

അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്ന് കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തിൽ എന്ത് വേണം എന്നതിൽ ആശയസംഘർഷം വേണ്ടതില്ല.

വേഗം നശിച്ചു പോരുന്ന വിളകൾ കൃഷി ചെയ്യുന്നവർ പ്രതിസന്ധിയിലാണ്. അത് പ്രത്യേകം കൈകാര്യം ചെയ്യും. മീനിൽ മായം കലർത്തുന്ന വാർത്തയുണ്ട്. അതിൽ ഉടൻ ഇടപെടും. കരൾ മാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ കാര്യം അന്വേഷിച്ചിരുന്നു. പൊലീസ്, സന്നദ്ധപ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരുടെ സേവനം ഇവർക്ക് ലഭ്യമാക്കും.

മത്സ്യത്തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ നൽകും. ദീർഘകാലമായി പുറത്ത് മീൻ പിടിച്ച് മടങ്ങുന്നവരെ പ്രത്യേകം പരിശോധിക്കും. അവർക്ക് വിശദമായ പരിശോധന തന്നെ നടത്തും. ലോക്ക് ഡൗണിനെത്തുടർന്ന് തീരപ്രദേശത്ത് ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പട്ടിണിയും കഷ്ടപ്പാടും ഉണ്ടാകില്ല. അത് ഉണ്ടാകാതെ നോക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

സമൂഹ അടുക്കളകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട് ഇപ്പോഴും. ഇതിൽ അനാവശ്യമായ ഇടപെടലുകൾ വരുന്നുണ്ട്. അതിനകത്ത് നിയോഗിക്കപ്പെട്ട ആളുകൾ മാത്രമേ നിൽക്കാവൂ. അവിടെ നിന്ന് ആർക്കാണോ സൗജന്യമായി ഭക്ഷണം നൽകേണ്ടത് ആ ആളുടെയും കുടുംബത്തിന്‍റെയും പേര് നേരത്തേ തീരുമാനിക്കണം. പ്രത്യേക താത്പര്യം വച്ച് കുറേ ആളുകൾക്ക് ഭക്ഷണം കൊടുക്കാം എന്ന് ആരും കരുതരുത്. 

ഭക്ഷണത്തിന് വിഷമമില്ലാത്തവർക്ക് കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം കൊടുക്കേണ്ടതില്ല. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം. എൽഎസ്ജി വകുപ്പ് ഇത് മോണിറ്റർ ചെയ്യും. സമൂഹ അടുക്കളകൾക്ക് ചിലയിടത്ത് ഫണ്ടില്ല എന്ന പ്രശ്നം ഉയ‍ർന്നതായി കണ്ടു. കോട്ടയത്ത് നിന്നാണ് അത്തരം വാർത്ത വന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നു പോയി എന്നത് അടിസ്ഥാനരഹിതമാണ്. അഞ്ച് കോടി അവ‍ർക്ക് തനത് ഫണ്ട് ബാക്കിയുണ്ട്. ആ വാർത്ത തെറ്റാണ്. കമ്മ്യൂണിറ്റി കിച്ചൻ നടത്തേണ്ടത് അതാത് സ്ഥാപനങ്ങൾ അവരുടെ ചുമതലയായി കാണേണ്ടതാണ്. അവർക്ക് ഫണ്ടിന്‍റെ ദൗർലഭ്യമില്ല. അവർക്ക് ഫണ്ട് ചെലവഴിക്കാം. അതിൽ നിയന്ത്രണമില്ല. പക്ഷേ അർഹതയുള്ളവർക്കേ ഭക്ഷണം കൊടുക്കാവൂ. ഇന്ന് മൂന്ന് ലക്ഷത്തിൽപരം പേ‍ർക്കാണ് ഭക്ഷണം നൽകിയത്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലാണ്.

കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾക്കായി കെഎസ്ആർടിസി ജീവനക്കാരുടെ സേവനം അതാത് കളക്ടർമാർക്ക് ഉപയോഗപ്പെടുത്താം. ഡ്രൈവ‍ർമാരുടെ നമ്പറുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറും. മാലിന്യക്കൂമ്പാരം നമ്മുടെ നാട്ടിൽ ഒരുതരത്തിലും അനുവദിക്കാനാവില്ല. അത് മാറ്റാനുള്ള നടപടികളുണ്ടാകും. ഫലവൃക്ഷത്തൈകൾ നമ്മുടെ വീടുകളിൽ നടാം. എല്ലാവരും വീട്ടിലുള്ള സമയമാണല്ലോ. 

നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ എല്ലാവരെയും പരിശോധിക്കും. ഇവരുടെയെല്ലാം സ്വാബ് ടെസ്റ്റെടുക്കും. നമ്മുടെ നാട്ടിൽ കുടിവെള്ളത്തിന് ക്ഷാമം പാടില്ല. ക്ഷാമമുള്ള ഇടങ്ങളിലെല്ലാം അത് നൽകും. തദ്ദേശവികസനവകുപ്പ് അടക്കം ഇതിന് വേണ്ട നടപടിയെടുക്കും.

ഈ കടുത്ത വേനലിൽ പൊലീസുകാർക്കാണ് ഏറ്റവും കൂടുതൽ വെയിലത്ത് നിൽക്കേണ്ടി വരുന്നത്. അവർക്ക് ആശ്വാസമെന്ന നിലയിൽ കിൻലേ കുടിവെള്ള കമ്പനി ഒരു ലക്ഷം കുപ്പിവെള്ളം പൊലീസിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്ന് വീടുകളിലെത്തിക്കാമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചിട്ടുണ്ട്. ഒപ്പം ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയും കൺസ്യൂമർഫെഡ് തുടങ്ങും.

ഇതിനെല്ലാമിടയിലും ചില വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചെന്നാണ്. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവർ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസ്സമുണ്ട്. പക്ഷേ, ലോക്ക് ഡൗൺ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. കേരള - തമിഴ്നാട് അതിർത്തി നമ്മൾ അടയ്ക്കില്ല. അത്തരം വാ‍ർത്തകൾ തെറ്റാണ്.

എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട് വരും. ഇപ്പോൾ എല്ലാവരും വർക്ക് അറ്റ് ഹോമാണല്ലോ. ഈ സാഹചര്യത്തിൽ ഒരു മാസത്തേക്ക് സൗജന്യബ്രോഡ‍് ബാന്‍റ് നൽകാം എന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. അഭിനന്ദനകരമായ ചില ഓഫറുകൾ അവ‍ർ മുന്നോട്ട് വച്ചിട്ടുണ്ട്. പ്രതിദിനം 5 ജിബി ഡാറ്റയും ലഭിക്കും. 

ശശി തരൂർ എംപി ഇടപെട്ട്, റാപ്പിഡ് ടെസ്റ്റിന്‍റെ ആദ്യബാച്ച് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 1000 കിറ്റുകളാണ് ആദ്യഘട്ടത്തിൽ എത്തിയത്. 2000 കിറ്റുകൾ ഞായറാഴ്ചയും എത്തും. കൊവിഡ് പരിശോധനാഫലം രണ്ടരമണിക്കൂറിനുള്ളിൽ കിട്ടും. നിലവിൽ ടെസ്റ്റ് ഫലം കിട്ടാൻ ആറര ഏഴ് മണിക്കൂർ എടുക്കുന്നുണ്ട്. 250 ഫ്ലാഷ് തെർമോ മീറ്ററുകൾ, വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ കൂടി എത്തും. ഇക്കാര്യത്തിൽ ശശി തരൂരിനെ  അഭിനന്ദിക്കുന്നു. ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും സിഎച്ച് സെന്‍ററും ചേർന്നു ആംബുലൻസ്, ഡ്രൈവർമാരുടെ സേവനം എന്നിവ നൽകാൻ സന്നദ്ധത അറിയിച്ചു. 

ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സഹായം നേരത്തേ പ്രഖ്യാപിച്ചതാണല്ലോ. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി 5000 രൂപ ബാർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം. 10000 രൂപ പലിശരഹിത വായ്പ. ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ, ടാക്സി തൊഴിലാളികൾക്ക് 2500 രൂപ, ഓട്ടോ 1500 രൂപ, മോട്ടോർ വർക് ഷോപ് തൊഴിലാളികൾക്ക് 1000 രൂപ വീതം സഹായം. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് 200 കോടി സഹായപാക്കേജ്.

ബോർഡിൽ റജിസ്റ്റർ ചെയ്ത് 2 വർ7ഷം പൂർത്തിയാക്കിയ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും 1000 രൂപ സഹായം. ഇതിലൂടെ 15 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം കിട്ടും. കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊറോണ ബാധിതരായവർക്ക് 7500 രൂപ ഐസൊലേഷൻ ചെയ്യുന്നവ‍ർക്ക് 1000 രൂപ. കൈത്തറിത്തൊഴിലാളികൾക്ക് 750 രൂപ വീതം സഹായധനം. ബീഡി ചുരുട്ട് തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം 2 കോടി രൂപ അനുവദിച്ചു. പിന്നാക്ക വിഭാഗകോർപ്പറേഷൻ വായ്പ തിരിച്ചടവിന് 3 മാസം വരെ മൊറട്ടോറിയം. മുടങ്ങിയ തിരിച്ചടവിന് പിഴയില്ല. 

ദുരിതാശ്വാസനിധിയിലേക്ക് നല്ല രീതിയിൽ സംഭാവന വരുന്നുണ്ട്. ഇതിനെതിരെയും പല പ്രചാരണങ്ങൾ വരുന്നുണ്ട്. വക മാറ്റി ചെലവഴിക്കുന്നു എന്നെല്ലാം പേരിൽ. ഫണ്ടിന് ആഹ്വാനം ചെയ്ത ശേഷം വന്ന എല്ലാ ഫണ്ടും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുക. അതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകൾ കോടികളായും ലക്ഷങ്ങളായും നൽകി. പിഎസ്‍സി ചെയർമാനും അംഗങ്ങളും ഒരു മാസത്തെ വേതനം തരും. വടക്കുമ്പാട് ഹയർസെക്കന്‍ററി സ്കൂളിലെ എല്ലാ സ്റ്റാഫും ഒരു മാസത്തെ വേതനം തന്നിട്ടുണ്ട്. എറണാകുളത്തെ പൊലീസ് സഹായ സഹകരണ സംഘവും സഹായം നൽകി.

കൂട്ടായ്മയില്ലാതെ ഈ കൊവിഡിനെ മുറിച്ച് കടക്കാൻ കഴിയില്ല. അത് ക്ഷിപ്രസാധ്യവുമല്ല. എല്ലാം മറന്നുള്ള കൂട്ടായ്മ തുടരേണ്ടതുണ്ട്. അത്തരം കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും വിജയകരമായ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആകാവുന്ന സംഭാവന എല്ലാവരും നൽകണം. അതിന് അതിരുകളില്ല. ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരും തുക നൽകണമെന്നഭ്യർത്ഥിക്കുന്നു. സർക്കാർ ജീവനക്കാർ സംഭാവന നൽകണമെന്ന് പറഞ്ഞപ്പോൾ ആവേശകരമായ പ്രതികരണമാണ് വന്നത്. 

സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവിടത്തെ ജീവനക്കാരും തൊഴിലാളികളും, കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാരും ഇതിൽ അണിചേരണം. സ്വകാര്യമേഖലയെയും ഇതിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വലിയ കൂട്ടായ്മയിലൂടെ ഈ നിധി കരുത്തുറ്റതാക്കാൻ കഴിയണം. അങ്ങനെ കേരളത്തിന്‍റെ ഐക്യത്തിന്‍റെ ശക്തി വിളംബരം ചെയ്യാനാകണം.

ആരോഗ്യപ്രവർത്തകരുടെ ബന്ധുക്കൾക്ക് ചികിത്സ നിഷേധിച്ചതിൽ കർശനമായ നടപടിയുണ്ടാകും. പ്രകാശം പരത്തുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല. പ്രശ്നം സാധാരണ തൊഴിലാളികൾ, കച്ചവടക്കാര്, അങ്ങനെ സമൂഹത്തിന്‍റെ തീർത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സിൽ ശരിയായ പ്രകാശം എത്തിക്കാൻ അതിന് നല്ല സാമ്പത്തിക പിന്തുണ വേണം. അത് വരുമായിരിക്കും. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

click me!