
ദില്ലി: കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കയ്ക്കിടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കിൽ വർധന. കേരളം അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപന തോത് കൂടിയത്. അതേസമയം, വിദേശ വാക്സീനുകളുടെ ഇറക്കുമതി വൈകുന്നത് വാക്സിനേഷൻ വേഗതയെ ബാധിക്കില്ലെന്ന് വാക്സീൻ സമിതി അംഗം എൻ.കെ അറോറ പറഞ്ഞു.
കേരളത്തിലെ കൊവിഡ് വ്യാപനം വെല്ലുവിളിയായി തുടരുമ്പോഴാണ് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിൽ കൂടി രോഗികളുടെ എണ്ണം കൂടുന്നത്. ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ദില്ലി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വർധനയുണ്ടായത്. ഹിമാചൽ പ്രദേശിൽ 64 ശതമാനം വർധനയുണ്ടാകുമ്പോൾ കേരളത്തിൽ അത് 27 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണവും വളരെ കൂടുതലാണ്. അതേസമയം, രാജ്യത്ത് ഒരു ദിവസത്തിനിടെ 30549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേർ മരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്. എന്നാൽ കൊവിഡ് ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പടരുമെന്ന് കാണിക്കുന്ന ആർ മൂല്യം ഒരു ശതമാനമായി തന്നെ തുടരുകയാണ്.
അതേസമയം, അമേരിക്കൻ വാക്സീനുകളായ മൊഡേണ ഫൈസർ, ജോൺസൺ ആൻറ് ജോൺസൺ എന്നിവയുടെ ഇറക്കുമതി സംബന്ധിച്ച പ്രശ്നങ്ങൾ രാജ്യത്തെ വാകസിനേഷൻ വേഗതയെ ബാധിക്കില്ലെന്ന് കേന്ദ്രത്തിൻറെ വാക്സീൻ സമിതി അംഗമായ എൻ.കെ അറോറ പറഞ്ഞു. കഴിഞ്ഞ ദിവസം ജോൺസൺ ആൻറ് ജോൺസൺ വാക്സിൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിൻവലിച്ചിരുന്നു. ഫൈസർ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. അനുമതി ലഭിച്ച മോഡേണ ഇതുവരെ ഇറക്കുമതി നടപടികൾ തുടങ്ങിയിട്ടില്ല. എന്നാൽ ഡിസംബറിന് മുമ്പ് 135 കോടി ഡോസ് നൽകാനുള്ള കേന്ദ്രത്തിൻറെ പദ്ധതിയെ ഇതു ബാധിക്കില്ല എന്നാണ് അറോറ പറഞ്ഞത്. വിദേശ വാക്സീനുകൾ കൂടുതൽ ഡോസ് നൽകാൻ തയ്യാറായാൽ വാക്സീൻ കരാറിലെ നഷ്ടപരിഹാര നിബന്ധന നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam