
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. പൊതുപരിപാടികളിൽ 5 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ചന്തകളും ഹാർബറുകളും നിയന്ത്രണ മേഖലയാക്കും. നാളെ മുതല്‍ 14 ദിവസത്തേക്കാണ് ജില്ലയില്‍ നിയന്ത്രണം.
തിരുവനന്തപുരത്തിനു സമാനമായ രീതിയില്‍ കോഴിക്കോട്ടെ നഗര മേഖലകളിലും തീരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുളള തീരുമാനം. കോഴിക്കോട്ട് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 46 ശതമാനം പേര്‍ക്കും രോഗം ബാധിചത് കഴിഞ്ഞ രണ്ടാഴ്ച്ക്കിടെയാണ്. 10 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഈ സാഹചര്യത്തില്‍ ആളുകൾ കൂടുന്നയിടങ്ങളിൽ കർശന നിയന്ത്രണത്തിനാണ് നീക്കം. രോഗ വ്യാപനം കൂടുതലുള്ളത് കോർപ്പറേഷൻ പരിധിയിലാണ്. രണ്ട് ക്ലസ്റ്ററുകളും അഞ്ച് കണ്ടെയ്ന്‍മെന്‍റ് സോണുകളുമാണ് നഗരപരിധിയിലുള്ളത്. അതിനാൽ ഇവിടെ നിയന്ത്രണം കൂടുതൽ കർശനമാക്കും. ചന്തകളിലും മാളുകളിലും കോംപ്ലക്സുകളിലും നിയന്ത്രണം കടുപ്പിക്കും. ഇവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കും. കൂടാതെ ക്വിക്ക് റെസ്പോൺസ് ടീമിന്‍റെ സേവനവും ഉപയോഗപ്പെടുത്തും.
പൊതുപരിപാടികളിൽ 5 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം. കല്യാണത്തിന് 50 പേർ. ആരൊക്കെ വന്നുവെന്നത് കൊവിഡ് ജാഗ്രത പോർട്ടറിൽ രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ 50 പേരിൽ കൂടുതൽ കടക്കരുത്. കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, ടർഫുകൾ ഓഡിറ്റോറിയങ്ങൾ എന്നിവ അടയ്ക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമേ പുറത്തുപോകാൻ പാടുള്ളുവെന്നും ജില്ലാ കളക്ടറിന്‍റെ ഉത്തരവിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam