
ഇടുക്കി: കൊവിഡ് സംസ്കാരത്തിന് പ്രത്യേക റാപ്പിഡ് ആക്ഷൻ ഫോഴ്സുമായി ഇടുക്കി രൂപത. കൊവിഡ് ബാധിച്ച് മരിക്കുന്നരുടെ സംസ്കാരം നടത്തുന്നതിന് നൂറംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. കത്തോലിക്കസഭ വിശ്വാസികൾക്കൊപ്പം ഇതര മതസ്തരുടെ സംസ്കാരങ്ങളും സംഘം നടത്തും.
സംസ്ഥാനത്ത് എവിടെ കൊവിഡ് മരണം നടന്നാലും ആവശ്യപ്പെട്ടാൽ ഇടുക്കി രൂപതയുടെ പ്രത്യേക റാപ്പിഡ് ആക്ഷൻ ഫോഴ്സ് പറന്നെത്തും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്കാരം നടത്തും. കത്തോലിക്ക സഭ വിശ്വാസികളാണ് മരിച്ചതെങ്കിൽ സംസ്കാരം സഭ വിശ്വാസ പ്രകാരം. ഇടുക്കി രൂപയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക സഭയുടെ യുവജന സംഘടന കെസിവൈഎമ്മാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. സംഘത്തിലുള്ളത് നാൽപതോളം വൈദികരടക്കം നൂറോളം യുവാക്കൾ.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്കാരത്തിന് കൂടി ആരോഗ്യ പ്രവർത്തകരെ വിന്യസിക്കുന്നതിലെ ബുദ്ധിമുട്ടാണ് പുതിയ ആശയത്തിന് പിന്നിൽ. ആരോഗ്യ പ്രവർത്തകർ തന്നെ പരിശീലനം നൽകിയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ സജ്ജമാക്കിയിരിക്കുന്നത്. അംഗങ്ങൾക്ക് പിപിഇ കിറ്റടക്കമുള്ളവയും ആരോഗ്യവകുപ്പ് നൽകും. ഇടുക്കിയിൽ വിജയമായതിനാൽ സംസ്ഥാനത്തെ ഓരോ ജില്ലയിലും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കെസിവൈഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam