തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ജി. സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്. ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ വേഗത്തില്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു പേരും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ. ടി.വി. ജോയ് 30 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെ എംപാനല്‍ ചെയ്തതു മുതല്‍ ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ പ്രധാന പങ്ക് വഹിച്ചു. രോഗികളുടെ വെന്റിലേറ്റര്‍ പരിചരണത്തിലും ഡോ. ടി.വി. ജോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
22 വര്‍ഷം ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ചയാളാണ് ജി. സോമരാജന്‍. കൊവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്ത പരിശോധന പോലെ അതീവ റിസ്‌കുള്ള മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സമ്മ കോട്ടയം മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്‌സാണ്. ഡെയ്‌സമ്മ ഇപ്പോഴും കോവിഡ് ഡ്യൂട്ടിയിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam