പരിശോധന കൂട്ടി, രോഗികള്‍ കുറയുന്നുവെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് 5610 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 6653

Published : Feb 05, 2021, 06:03 PM ISTUpdated : Feb 05, 2021, 06:58 PM IST
പരിശോധന കൂട്ടി, രോഗികള്‍ കുറയുന്നുവെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് 5610 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി 6653

Synopsis

രോ​ഗബാധ സ്ഥിരീകരിച്ചിൽ 22 ആരോ​ഗ്യപ്രവ‍ർത്തകരുണ്ട്. 91931 സംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. 6653 പേ‍‍ർ രോ​ഗമുക്തരായി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍കോട് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍കോട് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇടുക്കി 7, എറണാകുളം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,84,542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,960 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയെന്ന് മുഖ്യമന്ത്രി. ഈ മാസം ഒന്നാം തീയതി 33579 സാംപിളുകൾ പരിശോധിച്ചു. 52940, 59635,84007,91932 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ച സാംപിളുകളുടെ എണ്ണം. ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിൻ്റെ കുറവ് ഒരാഴ്ചയിൽ ഉണ്ടായി. ഇതുവരെയും നിരവധി പേരെ കൊവിഡ് ബാധിക്കാതിരുന്നതും കൊവിഡ് വ്യാപനം മന്ദ​ഗതിയിലായതും കടുത്ത പ്രതിരോധം തീ‍ർത്തതിനാലാണ്. കൊവിഡ് ചികിത്സയ്ക്കായി പൂർണസജ്ജരാവാനും മരണനിരക്ക് കുറയ്ക്കാനും സംസ്ഥാനത്തിനായി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ഈ രം​ഗത്ത് കൂടുതൽ ​ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് തരുന്നതെന്നും മുഖമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തിൽ ഇളവുകൾ വന്നത് കൊവിഡ് വ്യാപനം കുറഞ്ഞു എന്ന് കരുതിയില്ല. സാമൂഹിക അകലം, മാസ്കുകൾ, കൈകകൾ ശുചിയാക്കാൽ എന്നിവ എല്ലാവരും പാലിക്കണം. മികച്ച ചികിത്സയും പരിചരണവും ഇവിടെ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട് അതിനാലാണ് മരണനിരക്ക് വർധിക്കാതെ നിൽക്കുന്നത്. എന്നാൽ ജാ​ഗ്രത കുറവ് മൂലം ഈ സ്ഥിതി മാറാം. അതിനാൽ നാടിനെ ​ഗുരുതരമായ സ്ഥിതിയിലാക്കാതെയിരിക്കാൻ നല്ല ജാ​ഗ്രതയും നിർബന്ധബുദ്ധിയും എല്ലാവരും പ്രക‌ടിപ്പിക്കണം.

Also Read: കൂട്ടിയ ക്ഷേമപെൻഷൻ വിഷുവിന് മുമ്പേ കിട്ടും, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വീടുകളിലും കുടുംബാം​ഗങ്ങളിലുമാണ് ഇവിടെ കൊവിഡ് പടരുന്നത്. രോ​ഗബാധിതനായ വ്യക്തി റൂം ക്വാറൻ്റൈൻ കൃത്യമായി പാലിക്കണം. ഇതിൽ വീഴ്ച പാടില്ല. പാളിച്ച പറ്റിയാൽ കുടുംബാം​ഗങ്ങൾക്കുംരോ​ഗം പടരും. അതിനാൽ ക്വാറൻ്റൈൻ ശാസ്ത്രീയമായി പാലിക്കുക. ഇതെല്ലാവരും ശ്രദ്ധിക്കണം. മറ്റൊന്ന് ഈ അടച്ചു മൂടിയ വേണ്ടത്ര വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ കൊവിഡ് അതിവേ​ഗം പടരും. വാഹനങ്ങൾ ഓഫീസുകൾ വ്യാപാരശാലകൾ എന്നിവിടങ്ങളിലെല്ലാം ജാ​ഗ്രത വേണം. അതുകൊണ്ട് കൂടുതൽ ജാ​ഗ്രത ഇത്തരം സ്ഥലങ്ങളിൽ കാണിക്കാനാവണം. മറ്റുള്ളവരുമായി ഇടപെടുമ്പോൾ നി‍ർബന്ധമായും മാസ്കിടണം. ചിലർ യാത്ര കഴിഞ്ഞ് മാസ്ക് അഴിച്ചു കളയുന്ന സ്ഥിതിയുണ്ട്. മാസ്ക് ധരിക്കുക എന്നത് എല്ലാ ഘട്ടത്തിലും നിർബന്ധമാക്കണം. അങ്ങനെ വന്നാലാണ് രോ​ഗവ്യാപനം തടയാനാവുക. അല്ലാത്ത സമീപനം രോ​ഗവ്യാപനം ക്ഷണിച്ചു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്താൻ നടപടിയുണ്ടാവും. മറ്റൊരു പൊതുധാരണ കുട്ടികൾക്ക് കൊവിഡ് മാരകമായി ബാധിക്കില്ല എന്നതാണ്. അതു ഒരുതരത്തിൽ ശരിയാണ്. പ്രായമുള്ളവരേയും മറ്റു രോ​ഗങ്ങളുള്ളവരേയും ബാധിക്കും പോലെ കുട്ടികളെ കൊവിഡ് ബാധിക്കില്ല. എന്നാൽ രോ​ഗം വ്യാപകമായി വന്നാൽ ആനുപാതികമായി കുട്ടികൾക്കും രോ​ഗം വരും. അപ്പോൾ കുട്ടികളെ രൂക്ഷമായി കൊവിഡ് ബാധിക്കും. അതിൽ ജാ​ഗ്രത വരും. മറ്റൊരു പ്രവണത ഒരു തവണ കൊവിഡ് വന്നു മാറിയ കുട്ടികളിൽ ചില രോ​ഗലക്ഷണങ്ങൾ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. അതിനാൽ കുട്ടികളുമായി പൊതുസ്ഥലത്തും രോ​ഗവ്യാപന മേഖലകളിലും തിരക്കേറിയ മേഖലകളിലും പോകുന്നതിൽ മുതിർന്നവർക്ക് ജാ​ഗ്രത വേണം.

ആരോ​ഗ്യപ്രവർത്തകരുടെ വാക്സിനേഷൻ പൂർത്തിയായി. അടുത്ത ആഴ്ചയോടെ മറ്റു കൊവിഡ് മുൻനിരപോരാളികൾക്ക് വാക്സിൻ കൊടുക്കാൻ സാധിക്കും. ഏതാനും ആഴ്ചകൾ കൊണ്ട് അത് പൂർത്തിയാക്കി മൂന്നാംഘട്ടത്തിലെ പൊതുജനവാക്സിനേഷൻ തുടങ്ങാനാവും എന്നാണ് പ്രതീക്ഷ. അൻപത് വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചെത്തുകാരൻ്റെ മകൻ ആയതിൽ അഭിമാനം

ചെത്തുകാരൻ്റെ മകനാണ് ഞാനെന്നത് നേരത്തെ തന്നെ ഞാൻ പറഞ്ഞതാണ്. എൻ്റെ മൂത്തചേട്ടനും ചെത്തുകാരനായിരുന്നു. ആരോ​ഗ്യം ക്ഷയിക്കും വരെ അദ്ദേഹം ഈ തൊഴിലാണ് ചെയ്തത്. രണ്ടാമത്തെ ചേട്ടനും ചെത്തുകാരനായിരുന്നു പിന്നീട് ബേക്കറി തൊഴിലിലേക്ക് മാറി. ഇതെല്ലാം എൻ്റെയൊരു അഭിമാനമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Also Read: 'ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനം മാത്രം'; സുധാകരന് മറുപടിയുമായി പിണറായി

എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പിഎസ്സി-തൊഴിലവസര കണക്ക് നിരത്തി മുഖ്യമന്ത്രി മറുപടി നല്‍കി. എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് സര്‍വ്വകലാശാല തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ താന്‍ അതിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമനങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read: നിയമന വിവാദത്തിൽ പിഎസ്സി-തൊഴിലവസര കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു