Latest Videos

കൊവിഡ് പ്രതിരോധത്തിന് ധൂമസന്ധ്യയുമായി ആലപ്പുഴ നഗരസഭ, വിമര്‍ശിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

By Web TeamFirst Published May 9, 2021, 11:46 AM IST
Highlights

വീടുകളിലും ഓഫീസുകളിലും ആയുര്‍വേദ ചൂര്‍ണ്ണം പുകച്ചുള്ള കൊവിഡ് പ്രതിരോധമാണിത്. എന്നാൽ ഇത്തരം രീതികൾ അശാസ്ത്രീയമെന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തി.

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ധൂമസന്ധ്യ സംഘടിപ്പിച്ച് ആലപ്പുഴ നഗരസഭ. വീടുകളിലും ഓഫീസുകളിലും
ആയുര്‍വേദ ചൂര്‍ണ്ണം പുകച്ചുള്ള കൊവിഡ് പ്രതിരോധമാണിത്. എന്നാൽ ഇത്തരം രീതികൾ അശാസ്ത്രീയമെന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് എത്തി. അതേസമയം, ബോധവത്കരണ പരിപാടി മാത്രമാണെന്നും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ അനുമതിയുണ്ടെന്നും നഗരസഭ പറയുന്നു.

ആയുര്‍വേദ പ്രതിരോധ മാര്‍ഗമായ അപരാജിത ധൂമചൂര്‍ണ്ണം നഗരസഭയിലെ മുഴുവൻ വീടുകളിലും ഒരേസമയം പുകയ്ക്കുന്നതാണ് ധൂമസന്ധ്യ. വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ചാവ്യാധികളും ഈ ചൂര്‍ണ്ണം തടയുമെന്നാണ് നഗരസഭ നൽകിയ പ്രചാരണം. നഗരത്തിലെ താമസക്കാരനായ എ.എം. ആരിഫ് എംപിയും മറ്റ് ജനപ്രതിനിധികളും വീടുകളിൽ നടന്ന ധൂമസന്ധ്യയുടെ ഭാഗമായി. നഗരസഭാ ഓഫീസ് ഉൾപ്പെടെ പൊതുവിടങ്ങളിലും ചൂർണ്ണം പുകച്ചു. 

എന്നാല്‍ ധൂമസന്ധ്യ കൊവിഡിനെ തടയില്ലെന്നും അശാസത്രീയ രീതികൾ ഒഴിവാക്കണമെന്നും  ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ധൂമസന്ധ്യ ഒരു ബോധവത്കരണ നടപടി മാത്രമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നു. പരിപാടിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് നവമാധ്യമങ്ങളിൽ അടക്കം പ്രചാരണം ശക്തമാക്കുന്നുണ്ട്. എന്നാൽ ധൂമസന്ധ്യ ഉൾപ്പെടെ ബോധവത്കരണ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!