
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന. കൊവിഡ് കൊള്ള എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്താ പരമ്പരയില്‍ വെള്ളനാട് പഞ്ചായത്ത് ഡൊമിസിലറി കൊവിഡ് കെയര്‍ നടത്തിപ്പിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് പരിശോധന.
കൊവിഡ് രോഗികള്‍ക്കായി ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍ററില്‍ മൂന്ന് മടങ്ങിലേറെ ചെലവ് അനധികൃത ബില്ലുപയോഗിച്ച് ചെലവഴിച്ചിരുന്നു എന്ന പരാതിയും ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കിട്ടിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ ആറുമുതല്‍ എട്ടുവരെ ലക്ഷം രൂപ രോഗികള്‍ക്കായി ചെലവഴിച്ചപ്പോള്‍ അതിന്‍റെ പകുതി മാത്രം രോഗികളുണ്ടായ വെള്ളനാട് പഞ്ചായത്തില്‍ 16 ലക്ഷത്തിലധികം രൂപയാണ് കൊവിഡ് രോഗികളുടെ മറവില്‍ ചെലവഴിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെള്ളനാട് ശ്രീകണ്ഠന്‍ പ്രസിഡണ്ടായ സൊസൈറ്റിയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയത്. ബില്ലിലെ തിരിമറികളടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഉച്ചയ്ക്ക് തുടങ്ങിയ അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന വൈകീട്ട് വരെ നീണ്ടു. അന്വേഷണവും പരിശോധനയും ഇനിയും തുടരുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
20 പേര്‍ക്കുള്ള ബിരിയാണിക്കായി വാങ്ങിയത് 19 കിലോ ചിക്കന്‍
അഞ്ച് മാസം 250 പേർക്കായി 16 ലക്ഷം രൂപയാണ് കെയര്‍ സെന്‍ററില്‍ ചെലവിട്ടത്. 20 പേരുണ്ടായിരുന്ന ഒരു ദിവസം ബിരിയാണിക്കായി 19 കിലോ ചിക്കനാണ് വാങ്ങിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളനാട് പഞ്ചായത്ത് ആകെ 16 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ ഇരട്ടി രോഗികളുണ്ടായിരുന്ന സമീപ പഞ്ചായത്തുകളിലെ ചെലവ് 6 ലക്ഷം മുതൽ 8 ലക്ഷം വരെ മാത്രമാണെന്നും വിവരാവകാശ രേഖകൾ തെളിയിക്കുന്നു.
ഇക്കഴിഞ്ഞ മെയ് മാസം ഒന്നാം തീയ്യതിയാണ് വെള്ളനാട് കൊവിഡ് രോഗികള്‍ക്കായി ഡൊമിസിലറി കൊവിഡ് കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മെയ് മുതല്‍ സെപ്തംബര്‍ വരെ ആകെ 283 രോഗികളാണ് ഈ സെന്‍ററിലെത്തിയതെന്ന് വിവരാവകാശ രേഖയിലുണ്ട്. അതില്‍ 33 രോഗികള്‍ അതേ ദിവസം തന്നെ സിഎഫ്എല്‍ടിസിയിലേക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ്റിലേക്കും മാറി. അങ്ങനെ 250 രോഗികളെ പ്രവേശിപ്പിച്ചു. അവര്‍ക്ക് വേണ്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടന്നു എന്നതിന്‍റെ തെളിവുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. അഞ്ച് മാസം കൊണ്ട് ആകെ ചെലവ് 16 ലക്ഷം. ജൂണ്‍ 20 ന് സെൻ്ററിലാകെ ഉണ്ടായിരുന്നത് 20 പേർ മാത്രമാണ്. അന്നേ ദിവസം ഉച്ചയ്ക്ക് വിളമ്പിയത് ബിരിയാണി. അതിനായി 19 കിലോ ചിക്കനാണ് വാങ്ങിയത്. മെയ് മാസം ആകെ വാങ്ങിയത് 400 കിലോഗ്രാം അരി. അതായത് ഒരു നേരം 13 കിലോഗ്രാം അരിയുടെ ചോറ് 20 പേര്‍ കഴിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. വെളിച്ചെണ്ണയും പഞ്ചസാരയും പച്ചക്കറിയും പാലും എന്നുവേണ്ട മിക്കതും സാധാരണ മനുഷ്യര്‍ കഴിക്കുന്നതിന്‍റെ മൂന്നും നാലും മടങ്ങാണ് കണക്കിലെഴുതിയിരിക്കുന്നത്.
കൊവിഡ് സെന്‍ററിലേക്ക് വേണ്ട പലവ്യഞ്ജന സാധനങ്ങള്‍ പാലും മുട്ടയുമടക്കം എല്ലാം വാങ്ങിയത് വെള്ളനാട് ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നാണ്. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ വെള്ളനാട് ശ്രീകണ്ഠനാണ് സൊസൈറ്റിയുടെ പ്രസിഡണ്ട്. ബില്ലിലും തിരിമറി നടന്നിട്ടുണ്ട്.
Also Read: കൊവിഡ് കൊള്ള; കെയര്‍ സെന്‍ററിലേക്കുള്ള ഭക്ഷണത്തിൻ്റെ മറവിൽ ചെലവഴിച്ചത് ലക്ഷങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam