
തിരുവനന്തപുരം: കാസർകോട്ട് മൂന്ന് സ്ഥലങ്ങളെ ഇന്ന് കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കുമ്പള, പൈവളിഗെ, മംഗൽപാടി എന്നിവയാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. കോട്ടയത്ത് ഉഴവൂരാണ് പുതിയ ഹോട്ട്സ്പോട്ട്.
സംസ്ഥാനത്ത് ഇപ്പോൾ 15 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കണ്ണൂരിൽ മൂന്ന്, വയനാട് ഏഴ്, തൃശ്ശൂർ ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ള ഹോട്ടസ്പോട്ടുകളുടെ കണക്ക്. കേരളത്തിൽ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് നെഗറ്റീവായത്.
കൊവിഡ് പോസിറ്റീവായ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്. കാസർകോട് ഏഴുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും പാലക്കാട് ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിന്‍റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സമൂഹത്തിന്‍റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കൽ എന്നിവ പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലിൽ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണം. മാസ്ക് പൊതുജീവിതത്തിന്‍റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam