
തിരുവനന്തപുരം: കൊവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാല്‍ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലോകായുക്ത നടപടിക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ കൊവിഡ് പര്‍ചേസ് അഴിമതിയില്‍ ഇന്നലെയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരെയാണ് ലോകായുക്തയുടെ അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി. മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള അഴിമതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.
അതേസമയം, ഒന്നാം കൊവിഡ് കാലത്ത് അമിതവിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതിയും നടന്നിട്ടില്ലെന്നും ആവർത്തിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പാർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ പറഞ്ഞു.
ഇതിനിടെ, ലോകായുക്ത നടപടി ക്രമങ്ങളില്‍ വിവേചനമെന്ന് ആരോപിച്ച് മുൻ മന്ത്രി കെ ടി ജലീൽ രംഗത്തെത്തി. കെ കെ ശൈലജക്കെതിരായ ലോകായുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
Also Read: ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനമെന്ന് കെ ടി ജലീൽ; പരോക്ഷ സൂചനയുമായി ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam