
തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഉത്തരവിറക്കി. ഒൻപതാം ക്ലാസ് വരെ എല്ലാ ക്ലാസുകളും രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടതില്ല. എന്നാല്‍, പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ നാളെ വരണം. സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വയസിന് താഴെ കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, മറ്റ് തീവ്രരോഗങ്ങളുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം.
ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ മാത്രമാണ് ഓഫ്‍ലൈനായി തുടരുന്നത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ് ഓൺലൈൻ ക്ലാസുകൾ മാത്രമാണ്. അതേസമയം, കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ പ്രധാന അധ്യാപകർക്ക് നിർദ്ദേശമുണ്ട്. കോളേജുകൾ സംസ്ഥാനവ്യാപകമായി അടച്ചിട്ടില്ല. സി കാറ്റഗറിയിലുള്ള ജില്ലകളിൽ മാത്രം പത്ത്, പന്ത്രണ്ട് ക്ലാസുകളും അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ ഒഴികെ എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാനാണ് നിർദ്ദേശം. നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam