കൊവിഡ് വ്യാപനം; ഇത്തവണ ആറന്മുള വള്ളസദ്യ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Jul 22, 2020, 2:37 PM IST
Highlights

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.

തിരുവനന്തപുരം: ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബോര്‍ഡ് തീരുമാനം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ദേവസ്വ ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറന്നിരിക്കുന്ന സമയങ്ങളില്‍ ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താന്‍ അനുവാദം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചു.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ജൂൺ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 30 ന് ശേഷവും ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത് ബോര്‍ഡിന്‍റെ തീരുമാനം. അതേസമയം, നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. 

കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണവും ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രങ്ങളിലെ ബലിതർപ്പണം ഒഴിവാക്കിയത്.

click me!