കൊവിഡ് കണക്ക് കുതിച്ചുയരുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഐഎംഎ

By Web TeamFirst Published Jan 25, 2021, 5:17 PM IST
Highlights

സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ കുടിശ്ശിക നൽകാനും നടപടി വേണം. 

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഐഎംഎ. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ കർ‍ശനമാക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാൻ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ കുടിശ്ശിക നൽകാനും നടപടി വേണം. 

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. നിലവിൽ ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒന്നരമാസത്തിനുശേഷമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലായത്. ദേശീയ ശരാശരി 2 മാത്രമാണ്. പല ജില്ലകളിലും ടിപിആര്‍1 2ന് മുകളിലാണ്. വയനാട്ടിലത് 14.8ഉം കോട്ടയത്ത് 14.1 മാണ്. 

നിലവിൽ എറണാകുളം ജില്ലയിലാണ് എറ്റവും കൂടുതൽ രോഗികൾ ഉള്ളത്. കോട്ടയം, കണ്ണൂ‌ർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോ​ഗികളുടെ എണ്ണം കൂടുതയാണ്. കണ്ണൂരില്‍ ഒരാഴ്ചകൊണ്ട് 40 ശതമാനത്തിലധികമാണ് രോഗികളുടെ വര്‍ധന. തിരുവനന്തപുരത്ത് അത് 33 ശതമാനവും. 

പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ കൈവിട്ടുപോകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതം അടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതും രോഗബാധ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.

സമ്പൂർണ്ണ അടച്ചിടൽ അടക്കം കര്‍ശന നിയന്ത്രണങ്ങൾ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാൽ മാസ്കും, സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങൾ കര്‍ശനമായി പാലിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

click me!