ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല; പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡി. കോളേജിനെതിരെ അനിൽ കുമാർ

By Web TeamFirst Published Oct 22, 2020, 11:13 AM IST
Highlights

പത്ത് ദിവസത്തോളം ആരും തിരിഞ്ഞുനോക്കിയില്ല. ക്രൂരത എന്നതിനെക്കാള്‍ വലിയ വാക്ക് ഉണ്ടെങ്കില്‍ അതാണ് അനുഭവിച്ചതെന്ന് അനില്‍കുമാര്‍ പറയുന്നു.

തിരുവനന്തപുരം: പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ അനിൽ കുമാർ. രണ്ടാം ദിനം മുതൽ ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ല. വെള്ളവും ഭക്ഷണവും എടുത്ത് തരാന്‍ പോലും ആരും ഉണ്ടായിരുന്നില്ലെന്ന് ക്രൂരതയ്ക്ക് ഇരയായ അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീവനക്കാര്‍ കൈ കട്ടിലില്‍ കെട്ടിയിട്ടു. ഒരു ദിവസം മാത്രമാണ് ട്രിപ്പ് നല്‍കിയത്. ചികിത്സയില്‍ അനാസ്ഥ കാണിക്കുന്നവരെ ശിക്ഷിക്കണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍ എന്ന് പറഞ്ഞൊരാളെയും താന്‍ കണ്ടിട്ടേ ഇല്ലെന്ന് അനില്‍ കുമാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു. ക്രൂരത എന്നതിനെക്കാള്‍ വലിയ വാക്ക് ഉണ്ടെങ്കില്‍ അതാണ് അനുഭവിച്ചത്. പത്ത് ദിവസത്തോളം ആരും തിരിഞ്ഞുനോക്കിയില്ല. മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സാ പിഴവിനെതിരെ കോടതിയെ സമീപിക്കുമെന്ന് അനില്‍ കുമാറിന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!