മഞ്ചേരിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച കൊവിഡ് രോ​ഗി മരിച്ച സംഭവം; ഡിഎംഒ വിശദീകരണം തേടി

By Web TeamFirst Published Sep 23, 2020, 10:47 AM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച് ഗുരുതാവസ്ഥയിലായ പാത്തുമ്മയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ നൽകാതെ തിരിച്ചയച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. വെൻ്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞാണ് രോഗിയെ തിരിച്ചയച്ചതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. 

മലപ്പുറം: വെൻ്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച രോഗി മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. മാറാക്കര സ്വദേശി പത്തുമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് ഗുരുതാവസ്ഥയിലായ പാത്തുമ്മയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ നൽകാതെ തിരിച്ചയച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. വെൻ്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞാണ് രോഗിയെ തിരിച്ചയച്ചതെന്നും ബന്ധുക്കൾ പറയുന്നു. ആംബുലൻസ് ഡ്രൈവറാണ് ആശുപത്രിയുടെ അകത്തെത്തി വിവരം തിരക്കിയത്. വെന്റിലേറ്റർ സൗകര്യമില്ലെന്ന് അറി‍ഞ്ഞതിനെത്തുടർന്ന് ഇയാൾ തിരികെയെത്തി ബന്ധുക്കളോട് വിവരം പറഞ്ഞു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാത്തുമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. വെന്റിലേറ്ററില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് പാത്തുമ്മയെ തിരികെ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി. ഇവിടെയെത്തി ഒരു മണിക്കൂറിനകം മരണം സംഭവിച്ചു. 

മഞ്ചേരി മെഡിക്കൽ കോളേജിൽ 31 വെന്റിലേറ്ററുകളുണ്ട്. ആരാണ് വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് രോ​ഗിയെ തിരിച്ചയച്ചത് എന്നറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

click me!