
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം തുടരുമ്പോഴും കൊവിഡ് കേസുകളില്‍ ആശങ്ക ഒഴിയുന്നില്ല. മലപ്പുറത്ത്
ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒന്‍പതാം ദിവസം പിന്നിടുകയാണ്. പാലക്കാട് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം തൃശ്ശൂരില്‍ കണ്ടെയ്മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറത്തും പാലക്കാടുമാണ് കൊവിഡ് വ്യാപനത്തിൽ നിലവിൽ ഏറെ ആശങ്ക. മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്കും സംസ്ഥാന ശരാശിരിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ട്രിപ്പിള്‍ ലോക്ഡൗൺ ഒമ്പതു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ കോവിഡ് വ്യാപനവും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞ് വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നിലവില്‍ 27.34
ശതമാനമാണ്. ട്രിപ്പിള്‍ ലോക്ഡൗണിനു മുമ്പ് ടി.പി.ആര്‍ 42 ശതമാനം വരെ ഉയർന്നിരുന്നു.
എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ ക്യാമ്പ് ചെയ്ത് ലോക്ക് ഡൗണ്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പാലക്കാട് അറുപത് തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് മുപ്പത് ശതമാനത്തിന് മുകളിലാണ്. ഇവിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇടറോഡുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും അടച്ചു. കടകള്‍ക്ക് ഉച്ചക്ക് രണ്ട് മണിവരെ മാത്രമേ പ്രവൃത്തിക്കാന്‍ അനുമതിയുള്ളൂ. തൃശ്ശൂരില്‍ കണ്ടെയ്ന്‍മെന്‍ സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തത്കാലം ഇളവ് അനുവദിച്ചു.
പലചരക്ക്,പച്ചക്കറി കടകള്‍ തിങ്കള്‍,ബുധന്‍,ശനി ദിവസങ്ങളില്‍ തുറക്കാം .മത്സ്യ-മാംസ കടകള്‍ക്ക് ബുധന്‍, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറിയേ അനുവദിക്കൂ. ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ ഹോം ഡെലിവറിക്കും അനുമതി നല്‍കി. സ്വര്‍ണ്ണ പണയ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചകളില്‍ ഒന്‍പത് മുതല്‍ ഏഴ് വരെ പ്രവൃത്തിക്കാനും തൃശൂരില്‍ അനുമതിയുണ്ട്. കൂടാതെ കണ്ണടക്കടകള്‍ തിങ്കള്‍ ,വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കാം.
കോഴിക്കോട് രണ്ട് തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കല്‍ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഉള്ള അഴിയൂര്‍ , കുരുവട്ടൂര്‍ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കല്‍ പഞ്ചായത്തുകളായി ജില്ല ഭരണ കൂടം പ്രഖ്യാപിച്ചത്. കണ്ണൂരില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നത്ആശ്വാസമായി. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ല. മൂന്ന് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാണ്. വയനാട്ടില്‍ കേസുകള്‍ പൊതുവെ കുറഞ്ഞെങ്കിലും ആദിവാസി മേഖലയില്‍ നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജില്ലയിലെ മുപ്പത്തിനാല് ക്ലസ്റ്ററുകളില്‍ 32 ഉം ആദിവാസി കോളനികളിലാണ്. കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന ജില്ല ഭരണകൂടം കൂട്ടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam