കോഴിക്കോട് മെഡി.കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടുന്ന എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി

By Web TeamFirst Published Aug 2, 2020, 4:25 PM IST
Highlights

മെഡിക്കൽ കോളേജിലെ പോസ്റ്റ് ഓപ്പറേറ്റീവ് സർജറി വാർഡിലെത്തിയ രോഗിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വാർഡിലെ മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയായിരുന്നു

കോഴിക്കോട്: കൊവിഡ് ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് മെഡി.കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്ക് എത്തുന്ന എല്ലാവരേയും കൊവിഡ് ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡി.കോളേജിലേക്ക് കൊണ്ടു വന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

മെഡിക്കൽ കോളേജിലെ പോസ്റ്റ് ഓപ്പറേറ്റീവ് സർജറി വാർഡിലെത്തിയ രോഗിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വാർഡിലെ മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയായിരുന്നു. പുതിയ പരിഷ്കാരം നടപ്പാക്കുന്നതിന് മുന്നോടിയായി മുഴുവൻ ജീവനക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് രോഗം വരുന്നതും നിരീക്ഷണത്തിൽ പോവേണ്ടി വരുന്നതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് രോഗികൾ എത്തുകയും ജീവനക്കാർക്ക് രോഗബാധയുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ചില വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. 

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ മറ്റ് അത്യാവശ്യ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കൽ കോളേജ് കോവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

click me!