സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം 60 ശതമാനത്തിനു മുകളിൽ; ഇന്ന് മാത്രം 364 സമ്പർക്കരോ​ഗികൾ

By Web TeamFirst Published Jul 18, 2020, 6:40 PM IST
Highlights

ഇന്ന് 593 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 364 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം 60 ശതമാനത്തിനു മുകളിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 593 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 364 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. വീട്ടിൽ  നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ലോക്ക്ഡൗണിന് മുമ്പ് കേരളത്തിന് പുറത്ത് കൊവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാൽ കേരളത്തിലേക്ക് വന്നവരിൽ രോഗവും കുറവായിരുന്നു. മാത്രമല്ല ബ്രേക്ക് ദി ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോൾ രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. എന്നാൽ സമ്പർക്കത്തിലൂടെെയുള്ള രോ​ഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്.  ഉറവിടമറിയാത്ത കേസുകളും കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. 

ലോകാരോഗ്യസംഘടന പറയുന്നത് നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്നും ആളുകൾ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, മൂന്ന് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ. വീട്ടിൽ  നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു. 

സംസ്ഥാനത്തെ അറുപത്ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തിൽപ്പെടാത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാൽ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്.

സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാൽ കൊവിഡ് നേരിടാം. അതിനായി ജീവൻ്റെ വിലയുള്ള ജാഗ്രത എന്ന പേരിൽ ബ്രേക്ക് ദി ചെയിൻ ക്യാംപെയ്ൻ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങൾ പിന്നിട്ടതിനാൽ പൊതുവിൽ ക്ഷീണവും അവശതയും ആരോഗ്യപ്രവർത്തകർക്കുണ്ട്. എന്നാൽ കൊവിഡിനെ നേരിടുമ്പോൾ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിൽ ആരും മാറി നിൽക്കരുത് എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. 

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു. ഇന്ന് 152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകൾ 24 മണിക്കൂറും നിന്താത ജാഗ്രതയോടെ പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗികൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യപ്രവർത്തകരും സജജ്മാണ്. നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടൽ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട്.  ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നു. ഇന്നു മുതൽ പത്ത് ദിവസത്തേക്ക് തിരുവനന്തപുത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക്ഡൗൺ നടപ്പാക്കും.

Read Also: 24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം...
 

click me!