കൊവിഡിൽ ആന്‍റിബോഡി ടെസ്റ്റ് വേണം, കേരളം പുതുവഴി തേടണമെന്ന് വിദഗ്ധർ: 'നേർക്കുനേർ' കാണാം

By Web TeamFirst Published Apr 26, 2020, 2:03 PM IST
Highlights

കൊവിഡ് രോഗമുക്തി നേടിയവരുടെ ഡാറ്റ തയാറാക്കി കൊവിഡിനെതിരായ പോരാട്ടം കേരളം വിപുലീകരിക്കണമെന്ന നിർദേശമാണ് വൈറോളജി വിദഗ്ദർ നൽകുന്നത്. 

തിരുവനന്തപുരം: രോഗമുക്തി നേടിയവരുടെ ഡാറ്റ തയാറാക്കി കേരളം കൊവിഡ് ചികിത്സയിൽ പുതിയ ഘട്ടത്തിലേക്ക് കടക്കണമെന്ന് വൈറോളജി വിദഗ്ദർ. രോഗം മാറിയവരുടെ ആന്റിബോഡി ചികിത്സയിൽ നിർണായകമാകും. നിരീക്ഷണ കാലാവധി കഴിഞ്ഞവരിലും പരിശോധന വേണമെന്ന് നേർക്കുനേർ പരിപാടിയിൽ വിദഗ്ധർ പറഞ്ഞു.

കൊവിഡ് രോഗമുക്തി നേടിയവരുടെ ഡാറ്റ തയാറാക്കി കൊവിഡിനെതിരായ പോരാട്ടം കേരളം വിപുലീകരിക്കണമെന്ന നിർദേശമാണ് വൈറോളജി വിദഗ്ദർ നൽകുന്നത്. രോഗമുക്തി നേടിയവരിൽ രൂപപ്പെട്ട ആന്റിബോഡി വൈറസ് പ്രതിരോധത്തിലും ചികിത്സയിലും നിർണായക ചുവടാകുമെന്നാണ് വിലയിരുത്തൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്കുനേർ പരിപാടിയിലാണ് പ്രശസ്ത വൈറോളജി വിദഗ്ദൻ ഡോ. രാധാകൃഷ്ണന്റെ നിർദേശം.

കൊവിഡ് രോഗമുക്തി നേടി പ്രതിരോധ ശേഷി നേടിയ യുവാക്കളടക്കമുള്ളവർ കൊവിഡിനെതിരായ മുന്നണി പോരാളികൾ ആക്കാമെന്നാണ് നിർദേശം. നിലവിൽ സംസ്ഥാനത്ത് രോഗമുക്തി നേടിയവരെ വീണ്ടും 14 ദിവസത്തേക്ക് കൂടി നിരീക്ഷണത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത് മാറ്റണം. പകരം രോഗം മാറിയവരിൽ ആന്റിബോഡി പരിശോധനയിലൂടെ ഐജിജി-ഐജിഎം ആന്റിബോഡികൾ പരിശോധിക്കണമെന്ന് വിദഗ്ദർ നിർദേശിക്കുന്നു. ഐജിജി ആന്റിബോഡി രൂപപ്പെട്ടയാൾ വൈറസിനെ കീഴടക്കി പൂർണമായും പ്രതിരോധ ശേഷി നേടിയെന്നാണർത്ഥം. ഇവരിൽ നിന്നുള്ള പ്ലാസ്മ ശേഖരിച്ച് ചികിത്സയിൽ വലിയ മാറ്റങ്ങളുണ്ടാക്കാനാകും. നിലവിലുള്ള ഏറ്റവും വലിയ സാധ്യതയുമിതാണ്.

നിലവിൽ 28 ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞവരിൽ പോലും കൊവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാലിത് പരിശോധനാ രീതി മാറ്റേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. രോഗം മാറിയാലും ആർഎൻഎയിൽ വൈറസിന്റെ ജനിതക തന്മാത്ര അവശേഷിക്കുന്നതാകാമെന്നും, ഇത് വ്യാപനത്തിനിടയാക്കില്ലെന്നും വൈറോളജിസ്റ്റുകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈറസ് പകരുന്നതിന്റെ തോത് ആദ്യ ഏഴ് ദിവസം മാത്രമാണെന്നും അഭിപ്രായങ്ങളുയർന്നിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞും പോസിറ്റിവ് ആയവരുടേതടക്കം കാര്യങ്ങൾ നിലവിൽ പരിശോധിക്കാൻ ഒരുങ്ങുകയാണ്.

click me!