Covid Vaccination : 160 കോടി ഡോസ് കുത്തിവച്ചു; കൊവിഡ് വാക്സിനേഷനിൽ മറ്റൊരു നാഴികക്കല്ല് കൂടി

By Web TeamFirst Published Jan 20, 2022, 3:22 PM IST
Highlights

ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. പ്രതിദിന കേസുകളിൽ ഇപ്പോൾ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്.

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ (Covid Vaccination) 160 കോടി ഡോസ് കടന്നു. 1,60,03,33,779 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തുവെന്നാണഅ കൊവിൻ പോർട്ടലിലെ കണക്ക്. രാജ്യത്ത് 70 ശതമാനം പേര് രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു. 90 ശതമാനത്തിൽ അധികം പേർ ഒരു ഡോസ് വാക്സീനും എടുത്ത് കഴിഞ്ഞു. 

ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം അറുപത് ലക്ഷത്തി നാല്പത്തിയേഴായിരം കടന്നു. കോവാക്സിനും കോവിഷീൽഡിനും ഡിസിജിഐയുടെ പൂർണ്ണ വാണിജ്യ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വാക്സീനുകൾക്ക് വാണിജ്യ അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. അനുമതി ലഭിച്ച ശേഷവും കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ മാത്രമേ വാക്സീൻ നൽകാൻ അനുവദിക്കുകയുള്ളു എന്നാണ് വിവരം.

ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. പ്രതിദിന കേസുകളിൽ ഇപ്പോൾ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്. പതിമൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് മരണ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്.

എട്ട് മാസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മൂന്ന് ലക്ഷം കടക്കുന്നത്. ഇന്നലെ മൂന്ന് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി മുപ്പത്തി രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ കൊവിഡ് ബാധിച്ചു മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. ഇരുന്നൂറ്റി മുപ്പത്തിനാല് ദിവസത്തിന് ശേഷം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ലക്ഷത്തിന് അടുത്തെത്തി. 

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. മുംബൈയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. പന്ത്രണ്ടായിരത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകയാണ് കൊവിഡ് വ്യാപനം രൂക്ഷമായ രണ്ടാമത്തെ സംസ്ഥാനം. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇരുപതിനായിരത്തിൽ അധികമാണ് കേസുകൾ. ദില്ലി രാജസ്ഥാൻ ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിലെത്തി. 

ഒമിക്രോൺ ബാധിതരും കൂടുകയാണ്. ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 9,287 ആയി. 

click me!