
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. കേന്ദ്രം വാക്സിൻ മാർഗനിർദേശം പരിഷ്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കുള്ള മുൻഗണന തുടരും.
സംസ്ഥാനം വാക്സിനേഷൻ തുടങ്ങി 5 മാസത്തിന് ശേഷം പ്രായപരിധി പരിഗണനകൾക്കപ്പുറമുള്ള വാക്സിനേഷന് തീരുമാനമെത്തിയിരിക്കുകയാണ്. ഈ മാസം 21നാണ് കേന്ദ്രം 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കി വാക്സിനേഷൻ പദ്ധതി പരിഷ്കരിച്ചുള്ള മാർഗനിർദേശം പുറത്തിറക്കിയത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനവും പുതിയ ഉത്തരവ് ഇറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം പതിനെട്ടിന് മുകളിലുള്ള എല്ലാവർക്കും വാക്സിനെടുക്കാനാകും. എന്നാൽ ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, ഗുരുതര രോഗമുള്ളവർ, 45ന് മുകളിൽ പ്രായമുള്ളവർ, ആദ്യ ഡോസെടുത്ത് കാത്തിരിക്കുന്നവർ എന്നിവർക്കുള്ള മുൻഗണ തുടരും. സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ പ്രഖ്യാപിച്ചെങ്കിലും വാക്സിൻ ലഭ്യത തന്നെയാണ് ഇപ്പോഴും പ്രതിസന്ധി. പ്രതിദിനം രണ്ടര ലക്ഷം പേർക്ക് വരെ വാക്സിൻ നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് ഇത്രയും വാക്സിൻ ലഭിക്കുന്നില്ല. ജനസംഖ്യാടിസ്ഥാനത്തിലാണ് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുന്നത് എന്നതിനാൽ സംസ്ഥാനത്തിന് ലഭിക്കുന്ന തോത്, ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അതേസമയം മുൻ മാസങ്ങളേക്കാൾ വാക്സിൻ വേഗത്തിൽ ലഭിക്കുന്നുണ്ട്. 20 ദിവസത്തിനിടെ 20 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനത്തെത്തി. ചുരുക്കത്തിൽ 18ന് മുകളിലുള്ള എല്ലാവർക്കുംം വാക്സിൻ പ്രഖ്യാപനമായെങ്കിലും വാക്സിൻ കിട്ടാൻ കാത്തിരിക്കേണ്ടി വരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam