കോടതിയിലെ കൂറുമാറ്റം: ഗൗരവമേറിയ വിഷയം, സിപിഎം മറുപടി പറയണമെന്ന് സിപിഐ

By Web TeamFirst Published Jan 30, 2023, 2:22 PM IST
Highlights

വിഷയം മാധ്യമങ്ങൾ ഊതിവീർപ്പിച്ചതാണെന്നും ഇക്കാര്യത്തിലെ സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞിരുന്നു

കാസർകോട്: മുൻമന്ത്രി ഇ ചന്ദ്രശേഖരനെതിരായ ആക്രമണ കേസിൽ സിപിഎം നേതാക്കൾ കൂറുമാറിയത് ഗുരുതരമായ കുറ്റമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അവർ കൂറുമാറിയത് സംബന്ധിച്ച് കൃത്യമായ കോടതി രേഖകളുണ്ട്. സിപിഐയുടെ ആരോപണമല്ല അത്. സിപിഎം നേതൃത്വം ഇക്കാര്യം പരിശോധിച്ച് മറുപടി പറയണം. ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെങ്കിൽ സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. 

കേസിലെ കൂറുമാറ്റം പാർട്ടി പരിശോധിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ ഇ ചന്ദ്രശേഖരനെ ആർഎസ്എസുകാർ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങൾ ഊതിവീർപ്പിച്ചതാണ്. ഇക്കാര്യത്തിലെ സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സിപി ബാബു രംഗത്ത് വന്നിരിക്കുന്നത്.

2016 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് സംഭവം. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ വിജയിച്ചു. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ രവി അടക്കമുള്ള നേതാക്കളുമായി ഇ ചന്ദ്രശേഖരനെയും വഹിച്ചുള്ള തുറന്ന വാഹനം മണ്ഡലത്തിൽ പ്രചാരണം നടത്തി. ബിജെപി ശക്തികേന്ദ്രമായ മാവുങ്കാലിൽ എത്തിയപ്പോൾ ഈ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി. ഈ ആക്രമണത്തിൽ സിപിഎം നേതാവ് ടികെ രവിക്കും ഇചന്ദ്രശേഖരനും പരിക്കേറ്റു. ഒടിഞ്ഞ ഇടത് കൈയ്യിൽ ബാന്റേജ് ഇട്ടാണ് ഇ ചന്ദ്രശേഖരൻ ഒന്നാം പിണറായി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 12 പേരായിരുന്നു കേസിൽ പ്രതികൾ. വിചാരണ ഘട്ടത്തിൽ ആക്രമണത്തിൽ പരിക്കേറ്റ ടികെ രവിയടക്കം കേസിലെ സിപിഎമ്മുകാരെല്ലാം കൂറുമാറി. ടി.കെ രവി കേസിൽ പതിനൊന്നാം സാക്ഷിയായിരുന്നു. പ്രതികളെ താന്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞു. സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും പത്താം സാക്ഷിയുമായ അനില്‍ ബങ്കളവും കോടതിയില്‍ മൊഴി മാറ്റി.

സിപിഎം - ബിജെപി നേതൃത്വം ഗൂഢാലോചന നടത്തി കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം. അമര്‍ഷം സി പി ഐ പരസ്യമാക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നേതാക്കള്‍ പ്രതിയായ വധശ്രമക്കേസില്‍ സാക്ഷികളായ ബിജെപി പ്രവര്‍ത്തകര്‍ ഏതാനും മാസം മുമ്പ് കൂറുമാറിയിരുന്നു. ഇതോടെ പ്രതികളെ വെറുതെ വിട്ടു. ഇതിന് പ്രത്യുപകാരമായിട്ടാണ് ചന്ദ്രശേഖരൻ കേസിലെ കൂറുമാറ്റമെന്നാണ് ആരോപണം. വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ബിജെപി ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു.

click me!