
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ആസിഡ് ആക്രമണക്കേസിലെ പ്രതി സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അതേസമയം, സജികുമാർ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സുധീർഖാൻ ഇപ്പോഴും ചികിത്സയിലാണ്.
സജികുമാറും സുധീർഖാനും സിപിഐയുടെ നേതാക്കളായിരുന്നു. നേരത്തെ തന്നെ വിവാദമായ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൻ്റെയും ക്ഷീരണസഹകരണസംഘം ക്രമക്കേടിൻറെയും തുടർച്ചയായാണ് ആസിഡ് ആക്രമണവും ആത്മഹത്യയും എന്നാണ് പൊലീസ് നിഗമനം. സജികുമാറിന്‍റെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കണ്ടല സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഭാസുരാംഗനെതിരെയാണ് ആത്മഹത്യകുറിപ്പും സജികുമാറിൻ്റെ ഡയറിയും. ബാങ്കിലെയും സംഘത്തിലെയും തട്ടിപ്പുകളുടെയും തുടർച്ചയായി ബാങ്ക് സെക്രട്ടറിയായിരുന്ന സജികുമാർ മാനസികപ്രശ്നത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാകുറിപ്പിൻറെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകാനാണ് നീക്കം. എന്നാൽ ഭാസുരാംഗൻ ആരോപണം നിഷേധിക്കുകയാണ്.
ഭാസുരാംഗനെതിരെ നേരത്തെയും ഗുരുതര ആരോപണം ഉയർന്നിട്ടും പാർട്ടി നേതൃത്വം അനങ്ങിയിരുന്നില്ല. പുതിയ സാഹചര്യം പരിശോധിക്കുന്നു എന്ന് മാത്രമാണ് ജില്ലാ സെക്രട്ടരി മാങ്കോട് രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജില്ലാ- സംസ്ഥാന നേതൃത്വം ഭാസുരാംഗനെ സംരക്ഷിക്കുന്നതിൽ പാർട്ടിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്. കൊലപാതകശ്രമവും ആത്മഹത്യയും നടന്നിട്ടും ഗുരുതര ആരോപണങ്ങളുള്ള ആത്മഹത്യാ കുറിപ്പ് വന്നിട്ടും പൊലീസ് കാര്യമായി അനങ്ങുന്നില്ല. പരിശോധിക്കാമെന്ന് മാത്രമാണ് വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..