
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ (CPI) നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിലിട്ട് മർദിച്ചു. അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കൽ സ്കൂൾ ജംഗ്ഷനിൽ വച്ചാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. സിപിഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിനേയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാറിനേയുമാണ് നടുറോഡിലിട്ട് അതിക്രൂരമായി തല്ലിചതക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കൊടുമൺ അങ്ങാടിക്കൽ മേഖലയിൽ സിപിഎം സിപിഐ സംഘർഷങ്ങളും തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച സിപിഐ, എഐവൈഎഫ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം ഉണ്ടായി. യുവജന സംഘടന നേതാക്കൾ തമ്മിൽ സമൂഹ മാധ്യമങ്ങളുലൂടെയും വെല്ലുവിളികളുണ്ടായി. ഇതിനിടെയാണ് സിപിഐ നേതാക്കളെ മനർദ്ദിക്കുന്ന ദൃശ്യങ്ങൾ ഡിവൈഎഫ്എയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലുടെ പ്രചരിച്ചത്.
ഈ ദൃശ്യങ്ങൾ കാണിച്ച് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും എഐവൈഎഫ് പ്രവർത്തകർ പറയുന്നു. സംഭവം നടന്ന് ഇത്രയും ദിവസം ആയിട്ടും പൊലീസ് പ്രതികൾക്കെതിരെ നടപടി എടുക്കാത്തത് സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സിപിഐ ആരോപണം. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി തുടങ്ങിയ നേതാക്കളുടെ നേതൃത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾ സഹിതം വീണ്ടും സിപിഐ നേതാക്കൾ പൊലീസിനെ സമീപിച്ചു. സംസ്ഥാന എൽഡിഎഫ് നേതൃത്വത്തിനും സിപിഐ ജില്ലാ സെക്രട്ടറി പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam