
തൃശൂര്‍: സിസി മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു. 22-ാം വയസ്സിൽ പാർട്ടി അംഗത്വം നൽകിയത് മുതൽ പാർട്ടി മുകുന്ദനും കുടുംബത്തിനും നൽകിയതൊക്കെ വിശദീകരിച്ചു കൊണ്ടായിരുന്നു പുറത്താക്കൽ വാർത്താക്കുറിപ്പ്.
ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും മാറ്റി ഡി സിയില്‍ നിന്നും നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്
കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയാണ്. ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിയുടെ എംഎല്‍എയും എന്ന നിലയില്‍ പാലിക്കേണ്ടതായ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി ബോധ്യവുമില്ലാതെ അങ്ങേയറ്റം ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി സി മുകുന്ദന്‍ നടത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ സി സി മുകുന്ദനെ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ഈ നടപടി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണെന്നും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സിസി മുകുന്ദൻ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ച സിസി മുകുന്ദൻ എംഎൽഎ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചെന്ന സിസി മുകുന്ദന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണിപ്പോള്‍ പുറത്താക്കിയെന്ന വാര്‍ത്താക്കുറിപ്പ് സിപിഐ ഇറക്കിയത്. ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നൽകിയതിൽ കലഹിച്ചാണ് മുകുന്ദൻ പാർട്ടിവിട്ടത്. ഗീതാഗോപിക്കെതിരെ നാട്ടികയിൽ തന്നെ മത്സരിക്കാനാണ് മുകുന്ദന്‍ഖെ തീരുമാനം. യുഡിഎഫ് മുകുന്ദനെ പിന്തുണക്കും. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യതയെന്ന് ആദ്യം ആരോപണം ഉന്നയിച്ച മുകുന്ദൻ പിന്നീട് ആരോപണം കടുപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല മുകുന്ദൻ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമ്മേളനവേദി ബഹിഷ്കരിച്ച് മുകുന്ദൻ പുറത്തുവന്നിരുന്നു. പിന്നീട് നേതാക്കളുടെ ഇടപെട്ട് അനുനയിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു. പാർട്ടി ഒരുവട്ടം കൂടി മത്സരിക്കാൻ അവസരം തരുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇത്തവണ സ്ഥാനാർഥിത്വം നഷ്ടമായത്. ഗീതാഗോപി ആണ് സ്ഥാനാർഥി എന്നറിഞ്ഞതിന് പിന്നാലെ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. മുകുന്ദനെ കൂടെ കൂട്ടാൻ കഴിയുന്നതിലൂടെ നാട്ടിക സീറ്റ് പിടിക്കാൻ ആകുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിൽ തൊട്ടുമുമ്പുള്ള മുകുന്ദന്‍റെ കലഹം സിപിഐക്ക് ഉണ്ടാക്കുന്ന പ്രഹരം ചെറുതല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam