പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ

Published : Jul 14, 2025, 12:38 PM IST
C. C. Mukundan

Synopsis

സി.സി. മുകുന്ദൻ എംഎൽഎയെ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഐ ജില്ലാ കൗൺസിൽ. പാർട്ടി ഭരണഘടന അനുസരിച്ചാണ് നടപടിയെന്നും വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും വിശദീകരണം.

തൃശൂര്‍: സി സി മുകുന്ദന്‍ എംഎല്‍എയെ സി പി ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍. സി പി ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് സി സി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ഏകകണ്ഠമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയത്.

എന്നാല്‍, തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയത് എന്ന നിലയില്‍ മുകുന്ദന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സി സി മുകുന്ദന്റെ പി എയുടെ പേരില്‍ ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് എന്ന് അന്നുതന്നെ മുകുന്ദന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നേതൃത്വം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്.സമ്മേളനത്തില്‍ നിന്ന് മുകുന്ദന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്തയും ശരിയല്ല. തന്റെ അഭിപ്രായം കമ്മിറ്റിയില്‍ പറയുകയും സമ്മേളന നടപടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. 

സി സി മുകുന്ദന്‍ നാട്ടികയില്‍ സി പി ഐ യുടെ പ്രതിനിധിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച് എം എല്‍ എ യാണ്. എക്കാലത്തും പാര്‍ട്ടിക്കാരനായി നിലനില്‍ക്കുമെന്ന് മുകുന്ദന്‍ തന്നെ നേരത്തെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധനാക്കി ചിത്രീകരിക്കുന്നതിനും സി പി ഐയില്‍ വലിയ പ്രതിസന്ധിയാണെന്നും വരുത്തി തീര്‍ക്കുന്നതിനുമുള്ള ചില മാധ്യമങ്ങളുടെ ഗൂഢനീക്കമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍