
തൃശ്ശൂർ: തൃശ്ശൂരിൽ ലുലു മാളിനെതിരെ ഹർജി നൽകിയ ടി എൻ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി. നെൽവയൽ സംരക്ഷണം പാർട്ടി നയമെന്നും നെൽവയൽ സംരക്ഷണ നിയമ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സിപിഐാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഈ നിലപാടിൽ വെള്ളം ചേർക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലും അഭിപ്രായമുയർന്നു. തൃശ്ശൂരിൽ വയൽ നികത്തി ലുലു മാൾ തുടങ്ങുന്നതിനെതിരെ സിപിഐ ലോക്കൽ കമ്മിറ്റി അംഗം ടി എൻ മുകുന്ദൻ നൽകിയ ഹർജി വൻ വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
തൃശൂരിൽ ലുലു മാള്‍ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടത്. നെൽവയൽ നികത്തിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പിന്നാലെ കേസിലെ ഹർജിക്കാരനായ പ്രാദേശിക സിപിഐ നേതാവ് ടിഎന്‍ മുകുന്ദന്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പക്ഷെ മുകുന്ദനെ തള്ളിയാണ് നിലപാടെടുത്തത്. യൂസഫലിയുടെ ലുലു മാള്‍ മുടക്കിയതിന്‍റെ തൊപ്പി സിപിഐയുടെ തലയില്‍ വെക്കേണ്ടെന്നായിരുന്നു പ്രതികരണം.
തൃശൂര്‍ മാനെജ്മെന്‍റ് അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്രെ ഉദ്ഘാടന പരിപാടിയിലാണ് വ്യക്തിയുടെയും പാർട്ടിയുടെയും പേര് പറയാതെ യൂസഫ് അലി ആരോപണം ഉന്നയിച്ചത്. വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം, കിസാന്‍ സഭയുടെ നേതാവ് പിപി മുകുന്ദനാണ് പരാതിക്കാരനെന്ന് വൈകാതെ വ്യക്തമായി. തൃശ്ശൂർ പുഴയ്ക്കലിൽ ഹയാത്ത് റീജന്‍സിയോട് ചേര്‍ന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ലുലുവിനായി കണ്ടെത്തിയിരുന്നത്. ചിരിയങ്കണ്ടത്തുകാരുടെ ഉടമസ്ഥലയിലായിരുന്ന സ്ഥലം പന്നിക്കര കിണി പാടശേഖരത്തിൽ ഉള്‍പ്പെടുന്നതായിരുന്നു. ജിയോളജിസ്റ്റിന്‍റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സിപിഐ നേതാവായ മുകുന്ദൻ പരാതിയുമായി ആദ്യം രംഗത്ത് വന്നത്. ഇതോടെ ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കി. സ്ഥലം ഉടമകള്‍ ഭൂമി പരിവർത്തനം ചെയ്യുന്നതിന് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും അനുമതി കിട്ടിയില്ല. ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ പോയെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.
ഈ ഘട്ടത്തിലാണ് ഭൂമി ലുലു വാങ്ങിയത്. മതിൽ കെട്ടുകയും കുളം കുഴിക്കുകയും ചെയ്തതോടെ വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് മുന്നില്‍ മുകുന്ദന്‍ പരാതിയുമായെത്തി. ഇതോടെ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു. എന്നാൽ ലുലുവിന്‍റെ അപേക്ഷയില്‍ ഡാറ്റാബാങ്കില്‍ നിന്നും അധികം വൈകാതെ ഭൂമി തരംമാറ്റി നല്‍കി. ഇതിനായി 8.80 കോടി രൂപ നിയമാനുസൃത ഫീസ് സര്‍ക്കാരില്‍ അടച്ചു. എന്നാൽ ഈ സമയത്ത് ഭൂമി പരിവര്‍ത്തനം സംബന്ധിച്ച പരാതി ജില്ലാ കളക്ടറുടെ മുന്നിലുണ്ടായിരുന്നു. കളക്ടര്‍ ഹിയറിങ്ങ് വിളിച്ചതോടെ ലുലു ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പിപി മുകുന്ദനും കക്ഷി ചേര്‍ന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കളക്ടര്‍ ആര്‍ഡിഒയില്‍ നിന്നും കൃഷി ഓഫീസറില്‍ നിന്നും തൽസ്ഥിതി റിപ്പോര്‍ട്ട് തേടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്‍റെ വിസ്താരം പൂര്‍ത്തിയായി. ഇതിൽ ഉത്തരവിനായി കാത്തിരിക്കുമ്പോഴാണ് എംഎ യൂസഫലിയുടെ പ്രസ്താവന പുറത്തു വന്നത്. ഒരു വഴിയ്ക്ക് നിയമ പോരാട്ടവുമായി മുകുന്ദന്‍ മുന്നോട്ട് പോവുമ്പോഴും പാര്‍ട്ടി ഒപ്പമില്ലെന്ന സന്ദേശം നൽകിയ ബിനോയ് വിശ്വവും പാർട്ടിയും നിലപാട് മാറ്റുന്നതാണ് ഇപ്പോൾ കാണുന്നത്.