എസ്എഫ്ഐ ക്യാമ്പസുകളിൽ നടത്തുന്ന ആക്രമണങ്ങൾ അപകടകരം; സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

By Web TeamFirst Published Dec 9, 2022, 8:17 AM IST
Highlights

'കോളേജിലെ ആക്രമണങ്ങളെ യാദൃശ്ചികമായി പാര്‍ട്ടി കാണുന്നില്ല. എസ്.എൻ കോളേജിനെ എസ്.എഫ്.ഐ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണ്'- സിപിഐ കുറ്റപ്പെടുത്തുന്നു.

കൊല്ലം: സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ. ഏക വിദ്യാര്‍ഥി സംഘടനയെന്ന എസ്.എഫ്.ഐ നിലപാട് സ്ഥാപിച്ചെടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കൃത്യമായ അജണ്ടയാണിതെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. കൊല്ലം എസ് എൻ കോളേജിലെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമർശനം.

കൊല്ലം എസ്.എൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘര്‍ഷത്തിന് പിന്നാലെ കൂടിയ സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. കോളേജിലെ ആക്രമണങ്ങളെ യാദൃശ്ചികമായി പാര്‍ട്ടി കാണുന്നില്ല. എസ്.എൻ കോളേജിനെ എസ്.എഫ്.ഐ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണ്. അക്രമം ഉണ്ടായപ്പോൾ പൊലീസ് നഷ്ക്രിയരായി നോക്കി നിന്നെന്നുമാണ് സിപിഐയുടെ ആരോപണം. 

എ.ഐ.എസ്.എഫ് പ്രവർത്തകരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കോര്‍പ്പറേഷനിൽ നടന്ന കൗണ്‍സിൽ യോഗത്തിൽ നിന്നും സി.പി.ഐ കൗണ്‍സിലര്‍മാർ വിട്ടു നിന്നു. ചിന്നക്കടയിൽ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ നടന്ന പ്രകടനത്തിൽ സിപിഐയുടെ മുതിര്‍ന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു. അതേസമയം എസ്.എഫ്.ഐ ആക്രമണത്തിനെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. എസ്.എഫ്.ഐക്കെതിരെ സ്വന്തം മുന്നണിയിലുള്ളവർ വലിയ പ്രതിഷേധം ഉയര്‍ത്തുമ്പോഴും സിപിഎം നേതൃത്വം ഇപ്പോഴും മൗനം തുടരുകയാണ്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ ആണ് കൊല്ലം എസ് എൻ കോളേജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം നടന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നാണ് എഐഎസ്എഫ് നേതൃത്വം ആരോപിക്കുന്നത്.  സംഘർഷത്തില്‍  14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ തങ്ങളെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിച്ചിരുന്നു.  

Read More : വിദ്യാർത്ഥി സംഘർഷം; മേപ്പാടിയില്‍ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

tags
click me!