
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടിയിൽ പരാതി നൽകിയ വനിതാ നേതാവിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തലയാണ് ഫ്ലക്സ് ബോർഡുകളിൽ നിന്ന് അറുത്ത് മാറ്റിയത്. ഇതേക്കുറിച്ച് അറിയിച്ചപ്പോൾ മറ്റാരോടും പറയേണ്ടെന്ന് നേതൃത്വം അറിയിച്ചെന്ന് പ്രവർത്തകർ പറയുന്നു.
പന്തളം തേക്കേക്കര പഞ്ചായത്തിൽ സംരക്ഷണ ഭിത്തി കെട്ടാൻ പണം അനുദിച്ചതിന് അഭിവാദ്യം അർപ്പിച്ച് ഒരു മാസം മുമ്പ് വെട്ടുകാലമുരുപ്പ് പ്രദേശത്ത് സ്ഥാപിച്ച ഫ്ലക്സുകളിൽ നിന്നാണ് സിപിഐ വനിതാ നേതാവാവായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ തല മാത്രം അറുത്ത് മാറ്റിയത്.
ജില്ലാ സെക്രട്ടറി എ പി ജയന് എതിരായ അഴിമതി ആരോപണത്തെ തുടർന്ന് പാർട്ടിയിൽ രൂക്ഷമായ വിഭാഗീയതയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
വഞ്ചനയുടെ വീഞ്ഞ് നുണഞ്ഞവളുടെ കബന്ധം കൊണ്ട് മരണഗീതം പാടുമ്പോൾ പുഞ്ചിരിയോടെ അനുഗമിക്കുമെന്ന് എ പി ജയൻ അനുകൂലിയായ ജില്ലാ നേതാവ് സന്തോഷ് പാപ്പച്ചൻ ഫേസ്ബുക്കിൽ കമന്റ് ഇട്ടതിന് പിന്നാലെയാണ് പോസ്റ്ററുകളിൽ തലയറുപ്പ് നടന്നതെന്നാണ് കാനംപക്ഷ നേതാക്കൾ പറയുന്നുത്. പാർട്ടിയെ അറിയിക്കാതെ ഹൈടെക് കന്നുകാലി ഫാം തുടങ്ങിയെന്നും, ഒരേ തൊഴുത്തിന് വിവിധ കോണുകളിൽ നിന്ന് സാമ്പത്തിക സാഹായവും സബ്സിഡികളും വാങ്ങിക്കൂട്ടി തുടങ്ങി നിരവധി പരാതികളാണ് ശ്രീനാദേവി അടക്കമുള്ളവർ രേഖാമൂലം നൽകിയിട്ടുള്ളത്. ഇതിന് പിന്നാലെ എ പി ജയനെ പിന്തുണച്ചും എതിർത്തും സാമൂഹികമാധ്യമങ്ങളിൽ അണികൾ രംഗത്തെത്തി.
എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ശ്രീനാദേവിയോ ആരോപണ വിധേയനായ എ പി ജയനോ തയ്യാറായിട്ടില്ല. സിപിഐ സമ്മേളനകാലത്ത് നടന്ന വെട്ടിനിരത്തലിന്റെ തുടർചലനങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നത്. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ജില്ലയുടെ ചാർജുള്ള മുല്ലക്കര രത്നാകരൻ നേരിട്ടെത്തി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam