വി ഡി സതീശൻ സർക്കാരിനെതിരെ വി എം സുധീരനുമായി സഹകരിക്കുമെന്ന് സിപിഐ; 'കരിമണൽ കൊള്ളയ്ക്കെതിരെ വൻ പ്രക്ഷോഭത്തിലേക്ക്'

Published : Jun 24, 2026, 03:31 PM IST
v d satheesan binoy viswom v m sudheeran

Synopsis

കേരള തീരത്തെ കരിമണല്‍ സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാന്‍ അനുവാദം നൽകുന്നതിനെതിരെ സിപിഐ അതിശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചു. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ത്ത് നീങ്ങുമെന്ന് സിപിഐ.

തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ത്ത് നീങ്ങും. ലോലപരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനന ലോബിക്ക് വന്‍ലാഭമുണ്ടാക്കി കൊടുക്കാനുള്ള ഈ നീക്കത്തില്‍ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഉള്‍പ്പെടെ എല്ലാ ക്ഷേമ സേവന രംഗങ്ങളിലും സര്‍ക്കാര്‍ നേരിട്ട് നടത്തിയ നിക്ഷേപങ്ങളിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി വളരാന്‍ കേരളത്തിന് കഴിഞ്ഞത്. ഈ വസ്തുതയെ തമസ്‌കരിച്ച് കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ച് പൊതു വിഭവങ്ങള്‍ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റും. ഇതിലെ ഏറ്റവും അപകടകരമായ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് സ്വകാര്യ കരിമണല്‍ ഖനനം. കെഎംഎംഎല്‍, ഐആര്‍ഇഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി നിയന്ത്രിതമായാണ് കേരളത്തിൽ ഇതുവരെ ഖനനം നടത്തിയിട്ടുള്ളത്. ഇതില്‍നിന്നുള്ള കുതന്ത്രപൂര്‍ണമായ വ്യതിചലനത്തിന് വി ഡി സതീശന്‍ സര്‍ക്കാര്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തോട് കണക്ക് പറയേണ്ടിവരുമെന്ന് ബിനോയ് വിശ്വം പറയുന്നു.

തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലും കൊല്ലത്തെ തീരദേശങ്ങളിലും കരിമണല്‍ ഖനനത്തിനെതിരായി മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം നടത്തിയ പോരാട്ടം ചരിത്രപരമാണ്. ആ സമരവീര്യം കെട്ടടങ്ങിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. ജൂലൈ മൂന്നാം വാരത്തില്‍ ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സി പി ഐ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎം ശ്രീയിൽ സതീശനും പിണറായിയും തമ്മിൽ വാക്പോര്;പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി, എസ്എസ്കെ ഫണ്ട് തടഞ്ഞത് കൊണ്ടാണ് ഒപ്പ് വെച്ചതെന്ന് പിണറായി
'കരിമണലില്‍ പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു'; ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി, സഭയിൽ പ്രതിപക്ഷ ബഹളം