സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും; ചരിത്രത്തിൽ ആദ്യമായി സെക്രട്ടറി സ്ഥാനത്തിന് മത്സരമോ?

By Web TeamFirst Published Sep 30, 2022, 1:22 AM IST
Highlights

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും

തിരുവനന്തപുരം: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയർത്തുക. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ  ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി.

നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കും നടപടി സൂചനകളിലേക്കും എല്ലാം എത്തിനിൽക്കെ കടുത്ത പിരിമുറക്കത്തിലാണ് കൊടിയുയരുന്നത്. നെയ്യാറ്റിന്‍കരയില്‍ നടന്ന  കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടുനിന്നത് വിഭാഗീയതയുടെ തീവ്രത വ്യക്തമാക്കുകയാണ്.  

പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ കാനം വിരുദ്ധ പക്ഷത്തിന്റെ മുന്നണിയിൽ നിൽക്കുന്ന സി ദിവാകരനെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്. 

ഉച്ചക്ക് രണ്ടുമണിക്ക് ചേരുന്ന എക്സിക്യൂട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ദിവാകരനെ ഒഴിവാക്കാനാണ് ഓദ്യോഗിക പക്ഷത്തിന്‍റെ ആലോന. എന്നാല്‍ സമ്മേളനത്തിന് തൊട്ടുമുന്‍പ് തീവ്രമായ നടപടിയിലേക്ക് പോകേണ്ടതില്ലെന്ന് വാദിക്കുന്നവരും ഉണ്ട്.

സമ്മേളനം തുടങ്ങാനിരിക്കെ വീഭാഗീയതയ്ക്കെതിരെ ശക്തമായ താക്കീതുമായി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.  വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക്  പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്നും  മുൻകാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും പാർട്ടി മുഖ മാസികയായ നവയുഗത്തിലെഴുതിയ ലേഖനത്തിൽ കാനം വ്യക്തമാക്കിയിരുന്നു.

Read more: സംസ്ഥാനത്ത് എൻഐഎ അറസ്റ്റ് ചെയ്ത 11 പിഎഫ്ഐ പ്രവർത്തകരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

സിപിഐ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി  ഏഷ്യാനെറ്റ് ന്യൂസിന് അടക്കം നൽകിയ അഭിമുഖങ്ങളിൽ സി.ദിവാകരൻ, കെഇ ഇസ്മായിൽ, കെ കെ. ശിവരാമൻ തുടങ്ങിയ നേതാക്കൾ കാനം രാജേന്ദ്രനെതിരായ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സമ്മേളത്തിൽ കാനം പക്ഷത്തിനെതിരെ മത്സരത്തിനടക്കം കളം ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് ശക്തമായ മുന്നറിയിപ്പുമായി കാനവും രംത്തെത്തെത്തിയത്. 

click me!