വി ഡി സതീശനെ തോൽപ്പിക്കണം, പക്ഷേ സീറ്റ് സിപിഎമ്മിനല്ല; നിലപാട് വ്യക്തമാക്കി സിപിഐ

By Web TeamFirst Published Jan 23, 2021, 7:12 AM IST
Highlights

പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറിയുള്ള മത്സരത്തിനില്ലെന്നും ജില്ലാ സെക്രട്ടറി പി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

കൊച്ചി: വി ഡി സതീശൻ തുടർച്ചയായി വിജയിച്ച പറവൂർ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം തള്ളി സിപിഐ എറണാകുളം ജില്ലാ നേതൃത്വം. പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറിയുള്ള മത്സരത്തിനില്ലെന്നും ജില്ലാ സെക്രട്ടറി പി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയമസഭയിൽ എന്നും സിപിഎമ്മുമായി കൊമ്പ്കോർക്കാറുള്ള വി ഡി സതീശനെ ഇത്തവണ പറവൂരിൽ വീഴ്ത്തേണ്ടത് സിപിമ്മിന്‍റെ ആവശ്യമാണ്. 2001ൽ തുടങ്ങിയ ആ തേരോട്ടം അവസാനിപ്പിക്കാൻ 4 അവസരം കിട്ടിയിട്ടും സിപിഐയ്ക്ക് പറ്റിയിട്ടില്ല. ഇനി എന്നാൽ ഒരു കൈ നോക്കാമെന്നാണ് സിപിമ്മിന്‍റെ ചിന്ത. എന്ത് ചെയ്തിട്ടും ആരെ നിർത്തിയിട്ടും തോൽവിയാണ്, എന്നാൽ ഇത്തവണ സീറ്റ് ‌ഞങ്ങൾക്ക് തന്നിട്ട് മറ്റൊരു സീറ്റിൽ നിങ്ങൾ മത്സരിക്കൂവെന്നാണ് സിപിഐയോട് സിപിഎം പറയുന്നത്. പക്ഷേ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് സിപിഐയ്ക്ക്.

രണ്ട് വട്ടം എംഎൽഎ ആയ പി രാജുവിനെ വീഴ്ത്തി 2001ൽ ആണ് മണ്ഡലത്തിൽ വിഡി സതീശൻ യാത്ര തുടങ്ങിയത്. പിന്നെ മൂന്ന് തെരഞ്ഞെടുപ്പ് കൂടി. തിരിഞ്ഞുനോക്കേണ്ടിവന്നില്ല സതീശന്. ഇതിനിടെ സിപിഐ സംസ്ഥാന നേതാവ് പന്ന്യൻ രവീന്ദ്രനെവരെ മണ്ഡലത്തിൽ ഇറക്കി. പക്ഷെ സതീശനെ തോൽപ്പിക്കാൻ ഇടതിന്‍റെ ആ അടവ് മാത്രം പോരായിരുന്നു. 2016ൽ പികെ വാസുദേവൻ നായരുടെ മകൾ ശാരദ മോഹനനെ 20, 634 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സതീശൻ തോൽപ്പിച്ചത്. പിന്നാലെ നടന്ന ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിന് ലീഡ് നേടാൻ കഴിഞ്ഞിട്ടുണ്ട് പറവൂരിൽ. വേണ്ടിവന്നാൽ പഴയ പടക്കുതിരയായ പി രാജുവോ, അല്ലെങ്കിൽ മന്ത്രി സുനിൽകുമാറോ വരെ സാധ്യതാ പട്ടികയിലുണ്ട്. അതിനാൽ ഇത്തവണ തങ്ങളുടെ മാവ് പൂക്കുമെന്ന് സിപിഐ പറയുന്നു.

സീറ്റ് ഏറ്റെടുക്കാനുള്ള ശ്രമം ഇവിടെക്കൊണ്ട് നടന്നില്ലെങ്കിൽ അങ്ങ് തലസ്ഥാനത്ത് ചർച്ച നടത്തി പരിഹരിക്കാനാണ് സിപിഎം നീക്കം. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി അടക്കമുള്ളവർ സിപിഎം സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഏതായാലും പറവൂരിൽ മറ്റ് പ്രശനങ്ങളില്ലെങ്കിൽ വിഡി സതീശൻ തന്നെയെത്തും. എതിരാളി സിപിഎമ്മിൽ നിന്നോ സിപിഐയിൽ നിന്നോ എന്നത് വരും ദിവസങ്ങളിൽ അറിയാം.

click me!