ലാത്തിച്ചാര്‍ജ് വിവാദം; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിപിഐ നീക്കം

By Web TeamFirst Published Aug 19, 2019, 11:35 AM IST
Highlights

പൊലീസുകാര്‍ക്കെതിരായ  നടപടി,  എസ്ഐയുടെ സസ്പെന്‍ഷനില്‍ മാത്രമായി ഒതുക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. 

എറണാകുളം: കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ സമ്മര്‍ദ്ദനീക്കവുമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി.പൊലീസുകാര്‍ക്കെതിരായ  നടപടി,  എസ്ഐയുടെ സസ്പെന്‍ഷനില്‍ മാത്രമായി ഒതുക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. ഞാറയ്ക്കല്‍ സിഐയ്ക്കെതിരെയും അടിയന്തര നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

ലാത്തിച്ചാര്‍ജ് വിവാദവുമായി ബന്ധപ്പെട്ട് ഞാറയ്ക്കൽ സിഐയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നാണ് സിപിഐ പറയുന്നത്.  എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ ഞാറയ്ക്കൽ സിഐ ആണെന്നാണ് ആരോപണം. എസ് ഐയെ മാത്രമായി   സസ്പെൻസ് ചെയ്തതിലെ അതൃപ്തിയും കത്തിലൂടെ മുഖ്യമന്തിയെ അറിയിക്കുമെന്നാണ് സൂചന.

സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍ രാജുവിനെതിരായ നിലപാടാണ് സിഐ സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എ ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതും ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്ക് പരുക്കേറ്റതും. 

സിപിഐ മാര്‍ച്ചില്‍ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൊച്ചി സെൻട്രൽ എസ് ഐക്കെതിരായ നടപടി വൈകിപ്പോയെന്ന് എൽദോ എബ്രഹാം എംഎല്‍എ പ്രതികരിച്ചിരുന്നു.  ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു .തനിക്കും പാര്‍ട്ടിനേതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ എടുത്ത നടപടിയിൽ തൃപ്തിയുണ്ടോയെന്ന് പാർട്ടി നേതൃത്വമാണ് പറയേണ്ടതെന്നും എല്‍ദോ എബ്രഹാം പറഞ്ഞിരുന്നു. 

click me!